
റാഞ്ചി: ഈ മാസം 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍. കഴിഞ്ഞ ദിവസം ദുലീപ് ട്രോഫിയില്‍ കളിക്കാനുള്ള മേഖലാ ടീമുകളെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ടീമുകളിലൊന്നും ഇഷാന്‍ കിഷന്‍ ഇടം നേടിയില്ല. ഈസ്റ്റ് സോണ്‍ ടീമില്‍ ഇടം ലഭിക്കുമായിരുന്ന കിഷന് ടീമിനെ നയിക്കാനും അവസരമുണ്ടാകുമായിരുന്നു.കിഷന്‍റെ അഭാവത്തില്‍ അഭിമന്യു ഈശ്വനരനാണ് ഈസ്റ്റ് സോണിനെ നയിക്കുന്നത്.
റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതോടെ പകരക്കാരനായി ഇഷാന്‍ കിഷനെയും ടെസ്റ്റ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലും ഇഷാന്‍ കിഷനുണ്ടായിരുന്നു. എന്നാല്‍ പ്ലേയിംഗ് ഇലവനില്‍ കിഷന് പകരം ഭരതിനാണ് അവസരം ലഭിച്ചത്.
ജൂലൈ രണ്ടാം വാരം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീം പോകുന്നുണ്ട്. ടെസ്റ്റ് ടീമില്‍ ഇതുവരെ തിളങ്ങാനാവാതിരുന്ന ഭരതിന് പകരം കിഷന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണോ കിഷന്‍ ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന് വ്യക്തമല്ല. സോണല്‍ സെലക്ഷന്‍ കമ്മിറ്റി കണ്‍വീനറായ ദേബാശിഷ് ചക്രവര്‍ത്തി ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് വിളിച്ചെങ്കിലും താല്‍പര്യമില്ലെന്നായിരുന്നു കിഷന്‍റെ മറുപടി.
ഒരു ഔട്ടിന് രണ്ട് റിവ്യു, ഡിആര്‍എസ് തീരുമാനത്തെയും റിവ്യു ചെയ്ത് അശ്വിന്‍-വീഡിയോ
കിഷന് പരിക്കോ മറ്റ് അസൗകര്യങ്ങളോ ഉള്ളതായി അറിയില്ലെന്നും ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും ദേബാശിഷ് ചക്രവര്‍ത്തിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഏകദിന, ടി20 ടീമുകളില്‍ ഇന്ത്യന്‍ ടീം അംഗമാണെങ്കിലും ടെസ്റ്റ് ടീമില്‍ കിഷന് ഇതുവരെ അരങ്ങേറ്റത്തിന് അവസരം കിട്ടിയിട്ടില്ല. കെ എസ് ഭരത് പരാജയപ്പെട്ടതിനാല്‍ റിഷഭ് പന്ത് മടങ്ങിവരുംവരെ കിഷനെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് യുവതാരം അറിയിച്ചിരിക്കുന്നത്.
കിഷന്‍ കളിക്കില്ലെന്ന് അറിയിച്ചതോടെ സെലക്ടര്‍മാര്‍ വൃദ്ധിമാന്‍ സാഹയെ ടീമിലേക്ക് പരിഗണിച്ചെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ദുലീപ് ട്രോഫിയെന്നും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന തന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചതാണെന്നും തനിക്ക് പകരം ഒരു യുവതാരത്തെ പരിഗണിക്കണമെന്നും പറഞ്ഞ സാഹ കളിക്കാന്‍ വിസമ്മതിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!