ISL 2021-2022: ഹൈദരാബാദിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍

Published : Jan 13, 2022, 09:29 PM IST
ISL 2021-2022: ഹൈദരാബാദിനെ പിടിച്ചുകെട്ടി ചെന്നൈയിന്‍

Synopsis

ആദ്യം ഗോളടിച്ചത് ചെന്നൈയിന്‍ ആയിരുന്നെങ്കിലും ആദ്യപകുതിയില്‍ പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഹൈദരാബാദിനായിരുന്നു മുന്‍തൂക്കം.

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) ജയിച്ചാല്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാമായിരുന്ന ഹൈദരാബാദ് എഫ് സി(Hyderabad FC) ചെന്നൈയിന്‍ എഫ്‌സിയോട്( Chennaiyin FC) സമനിലയില്‍ കുരുങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പോയന്‍റ് പങ്കിട്ടപ്പോള്‍ ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ മുംബൈ സിറ്റി എഫ് സിയെ പിന്തള്ളി മൂന്നാം സ്ഥനത്തേക്ക് കയറി. സമനിലയോടെ ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത് എത്തി. പതിമൂന്നാം മിനിറ്റില്‍ മുഹമ്മദ് സാജിദിലൂടെ മുന്നിലെത്തിയ ചെന്നൈയിനെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജാവിയേര്‍ സിവേറിയോയിലൂടെയാണ് ഹൈദരാബാദ് സമനില പിടിച്ചത്.

ആദ്യം ഗോളടിച്ചത് ചെന്നൈയിന്‍ ആയിരുന്നെങ്കിലും ആദ്യപകുതിയില്‍ പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഹൈദരാബാദിനായിരുന്നു മുന്‍തൂക്കം. പലപ്പോഴും പോസ്റ്റിന് താഴെ ദേബ്‌ജിത് മജൂംദാറിന്‍റെ മനസാന്നിധ്യമാണ് ചെന്നൈയിനെ കൂടുതല്‍ ഗോള്‍ വഴങ്ങാതെ കാത്തത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം ഹൈദരാബാദിനായിരുന്നെങ്കിലും ഗോളടിച്ചത് ചെന്നൈയിനായിരുന്നു. ക്യാപ്റ്റന്‍ അനിരുദ്ധ ഥാപ്പ ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് മുഹമ്മദ് സാജിദ് ചെന്നൈയിനെ പതിമൂന്നാം മിനിറ്റില്‍ മുന്നിലെത്തിച്ചു.

എന്നാല്‍ ഗോള്‍ വീണശേഷം ഹൈദരാബാദിന്‍റെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് കണ്ടത്. ഇടതുവിംഗില്‍ നിന്ന് അങ്കീത് ജാഥവ് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ പക്ഷെ ഹൈദരാബാദ് മുന്നേറ്റനിരക്കായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ കണ്ടെത്തിയ ഹൈദരാബാദ് പക്ഷെ രണ്ടാം പകുതിയില്‍ ലീഡിനായി ലക്ഷ്യം വെച്ചെങ്കിലും പലപ്പോഴും നിര്‍ഭാഗ്യം അവരുടെ ഭാഗത്തായി. 74-ാം മിനിറ്റില്‍ ചെന്നൈയിനും മുന്നിലെത്താന്‍ അവസരം ലഭിച്ചെങ്കിലും മീറ്റിലിന്‍റെ തകര്‍പ്പന്‍ ഷോട്ട് ഹൈദരാബാദിന്‍റെ ക്രോസ് ബാറില്‍ തട്ടി മടങ്ങി.

അവസാന നിമിഷം വിജയഗോളിനായി ഇരു ടീമും തുടര്‍ച്ചയായി ആക്രമിച്ചെങ്കിലും പ്രതിരോധം ഉറച്ചു നിന്നതോടെ ലക്ഷ്യം കാണാനായില്ല

PREV
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം