ഹാര്‍ദിക് പാണ്ഡ്യയുള്ള ഇന്ത്യ 12 അംഗ ടീം; ഓള്‍റൗണ്ടറെ വാഴ്‌ത്തിപ്പാടി പാക് മുന്‍ കോച്ച്

By Jomit JoseFirst Published Aug 30, 2022, 1:42 PM IST
Highlights

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം അവസാന ഓവറില്‍ സ്വന്തമാക്കിയത്

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രാധാന്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായിരുന്നു ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരം. പന്തും ബാറ്റും കൊണ്ട് ഹാര്‍ദിക് എങ്ങനെ മത്സരം മാറ്റിമറിക്കുന്നുവെന്നും ടീമിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു എന്നും മത്സരം കണ്ട ആരാധകര്‍ക്ക് വ്യക്തം. ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നതാണ് പാകിസ്ഥാന്‍ മുന്‍ കോച്ച് മിക്കി ആര്‍തറുടെ വാക്കുകള്‍. 

'ഹാര്‍ദിക് പാണ്ഡ്യ ഗംഭീര താരമാണ്. ഇന്ത്യ 12 താരങ്ങളെ കളിപ്പിക്കുന്ന പോലെയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് ജാക്ക് കാലിസുണ്ടായിരുന്ന പോലെയാണിത്. നാല് പേസര്‍മാരില്‍ ഒരാളാവാനും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനും കഴിയുന്ന താരത്തെ ഇന്ത്യക്ക് കിട്ടി. ഒരു എക്‌സ്‌ട്രാ താരത്തെ കളിപ്പിക്കുന്നതുപോലെയാണിത്. ഹാര്‍ദിക് കൂടുതല്‍ പക്വത കൈവരിക്കുന്നത് കാണുകയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ഹാര്‍ദിക്കിന്‍റെ നായകത്വം മികച്ചതായിരുന്നു. ടീമിനെ നന്നായി കൈകാര്യം ചെയ്തു. സമ്മര്‍ദ ഘട്ടങ്ങളില്‍ നന്നായി കളിച്ചു. മികച്ച താരമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ' എന്നും മിക്കി ആര്‍തര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയില്‍ കൂട്ടിച്ചേര്‍ത്തു. 

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം അവസാന ഓവറില്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി രണ്ട് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. 17 പന്തില്‍ പുറത്താകാതെ 33 റണ്‍സെടുത്ത പാണ്ഡ്യ ഇന്ത്യയെ സിക്‌സറിലൂടെ ജയിപ്പിക്കുകയായിരുന്നു. നേരത്തെ ബൗളിംഗില്‍ നാല് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ നേടിയിരുന്നു. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയ താരം ഹാര്‍ദിക്കായിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 26 റണ്‍സിന് നാല് പേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയുടെ 35 റണ്‍സും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 

'ഇത്ര ആവേശം വേണ്ടാ, കളമറിഞ്ഞ് കളിക്കൂ'; ഇന്ത്യയുടെ ബാറ്റിംഗ് ശൈലിയെ കടന്നാക്രമിച്ച് ഗംഭീറും അക്രവും

click me!