ലൈംഗിക പരാമര്‍ശങ്ങളിലെ ഹാര്‍ദിക് പാണ്ഡ്യയുടെ വില്ലന്‍ ഇമേജ് മാറി, ആളുകളുടെ സമീപനങ്ങളും: അജയ് ജഡേജ

By Web TeamFirst Published Aug 30, 2022, 12:41 PM IST
Highlights

2019ല്‍ കോഫി വിത്ത് കരണ്‍ ഷോയില്‍ നടത്തിയ ലൈംഗിക പരാമര്‍ശങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയെ വിവാദനായകനാക്കിയത്

മുംബൈ: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ മലര്‍ത്തിയടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ സൂപ്പര്‍ ഹീറോ. ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ ഹാര്‍ദിക് 25 റണ്ണിന് മൂന്ന് വിക്കറ്റും 17 പന്തില്‍ പുറത്താകാതെ 33* റണ്‍സുമെടുത്ത് മത്സരത്തിലെ താരമാവുകയായിരുന്നു. എന്നാല്‍ വിവാദക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞൊരു ഭൂതകാലം ഹാര്‍ദിക് പാണ്ഡ്യക്കുണ്ട്. 'കോഫി വിത്ത് കരണ്‍' ഷോയിലെ അദ്ദേഹത്തിന്‍റെ മോശം പരാമര്‍ശങ്ങളായിരുന്നു ഇതിന് കാരണം. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും പ്രകടനം കൊണ്ട് ഹാര്‍ദിക് പാണ്ഡ്യ മറികടന്നതായും താരത്തെ കുറിച്ചുള്ള ആളുകളുടെ കാഴ്‌ചപ്പാട് മാറിയെന്നും ഇന്ത്യന്‍ മുന്‍താരം അജയ് ജഡേജ നിരീക്ഷിക്കുന്നു. 

2019ല്‍ കോഫി വിത്ത് കരണ്‍ ഷോയില്‍ നടത്തിയ ലൈംഗിക പരാമര്‍ശങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയെ വിവാദനായകനാക്കിയത്. സഹതാരം കെ എല്‍ രാഹുലും ഈ ഷോയില്‍ പങ്കെടുത്തിരുന്നു. വിവാദ പരാമര്‍ശങ്ങളില്‍ വലിയ വിമര്‍ശനമാണ് പാണ്ഡ്യയും രാഹുലും നേരിട്ടത്. ഇതേത്തുടര്‍ന്ന ഇരുവരേയും ബിസിസിഐ വിലക്കിയിരുന്നു. 

ലൈംഗിക പരാമര്‍ശ വിവാദങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയെ വില്ലനായി കണ്ടിരുന്ന പൊതുസമൂഹത്തിന്‍റെ കാഴ്‌ചപ്പാട് ഇപ്പോള്‍ മാറിയെന്ന് അജയ് ജഡേജ പറയുന്നു. 'രണ്ട് വര്‍ഷം മുമ്പ് കോഫി വിത്ത് കരണില്‍ പങ്കെടുത്ത് കഴിഞ്ഞപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ കുറിച്ച് പൊതുസമൂഹം ചിന്തിച്ചിരുന്നത് എന്താണ്? വളരെ വേറിട്ട അഭിപ്രായമാണ് ആളുകള്‍ക്കുണ്ടായിരുന്നത്. ആളുകള്‍ ഹാര്‍ദിക്കിനെ മോശക്കാരനായി കണ്ടു. അതിനോട് ഹാര്‍ദിക്കിന് പോരാടേണ്ടിവന്നു. എന്നാല്‍ പാകിസ്ഥാനെതിരായ ഏഷ്യ കപ്പിലെ ജയത്തോടെ ആ മനോഭാവം ആളുകള്‍ക്ക് മാറി. ഇപ്പോള്‍ ആരോടും അദ്ദേഹത്തിന് പോരാട്ടമില്ല. മത്സരത്തെ അതിന്‍റെ വഴിക്ക് വിടൂ, ഹാര്‍ദിക് തന്‍റെ ജീവിതവും ഇപ്പോള്‍ ആസ്വദിക്കുകയാണ്' എന്നുമാണ് അജയ് ജഡേജയുടെ വാക്കുകള്‍. 

നിരവധി സ്‌ത്രീകളുമായി തനിക്ക് ലൈംഗികബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു കരണിനോട് ഹാര്‍ദിക് വെളിപ്പെടുത്തിയത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. തന്‍റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് ഷോയില്‍ കെ എല്‍ രാഹുല്‍ തുറന്നുപറഞ്ഞത്. 

വിവാദങ്ങളില്‍ ഹാര്‍ദിക്കും രാഹുലും മാപ്പ് പറഞ്ഞെങ്കിലും അച്ചടക്ക നടപടിയുമായി അന്ന് ബിസിസിഐ മുന്നോട്ടുപോയി. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ നിന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ 20 ലക്ഷം രൂപ വീതം പിഴയൊടുക്കാനും താരങ്ങളോട് നിര്‍ദേശിച്ചിരുന്നു. 

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ട്രഷറര്‍ക്കെതിരെ ഗുരുതര ലൈംഗിക പരാതി; പ്രധാനമന്ത്രിക്ക് കത്തയച്ച് വനിതാ താരം

click me!