Latest Videos

വലിയ നാണക്കേട്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യന്‍ ബൗളിംഗിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Jun 25, 2021, 5:23 PM IST
Highlights

ഇംഗ്ലണ്ടില്‍ പന്തെറിയുമ്പോള്‍ ഓഫ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി എറിഞ്ഞുകൊണ്ടിരുന്നതുകൊണ്ട് കാര്യമുണ്ടോ. ബാറ്റ്സ്മാന് അനുകൂലമായല്ല പന്തെറിയേണ്ടത്. സ്വന്തം ശക്തിക്ക് അനുസരിച്ചാണ്. ഷോര്‍ട്ട് പിച്ച് പന്തുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതലും എറിഞ്ഞത്.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യന്‍ പേസര്‍മാരുടെ ബൗളിംഗിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി. ഫൈനലില്‍ ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം വലിയ നാണക്കേടായിപ്പോയെന്ന് ബിന്നി പറഞ്ഞു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 217ന് മറുപടിയായി കിവീസ് ഒന്നാം ഇന്നിംഗ്സില്‍ 249 റണ്‍സെടുത്തിരുന്നു. 32 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും കിവീസ് സ്വന്തമാക്കി.

ഇംഗ്ലണ്ടില്‍ പന്തെറിയേണ്ട ലെംഗ്ത്തിലായിരുന്നില്ല ഇന്ത്യന്‍ പേസര്‍മാര്‍ പന്തെറിഞ്ഞത്. പ്രത്യേകിച്ച് മൂന്നാം ദിവസം. ഇന്ത്യന്‍ ബൗളര്‍മാരുടെ ബൗളിംഗ് വലിയ നാണക്കേടായിപ്പോയി. എതിരാളികള്‍ എങ്ങനെയാണ് നമുക്കെതിരെ പന്തെറിഞ്ഞത് എന്നെങ്കിലും നോക്കണ്ടേ. എന്തുതരം പ്രകടനമാണിത്. അവരൊരു ടെസ്റ്റ് മത്സരമല്ലെ കളിക്കുന്നത്.

ഇംഗ്ലണ്ടില്‍ പന്തെറിയുമ്പോള്‍ ഓഫ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി എറിഞ്ഞുകൊണ്ടിരുന്നതുകൊണ്ട് കാര്യമുണ്ടോ. ബാറ്റ്സ്മാന് അനുകൂലമായല്ല പന്തെറിയേണ്ടത്. സ്വന്തം ശക്തിക്ക് അനുസരിച്ചാണ്. ഷോര്‍ട്ട് പിച്ച് പന്തുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതലും എറിഞ്ഞത്. ഇത് കിവീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. വിക്കറ്റെടുക്കാനായി ബാറ്റ്സ്മാനുനേര്‍ക്കാണ് പന്തെറിയേണ്ടത്. അല്ലാതെ പ്രതിരോധത്മകമായല്ലെന്നും ബിന്നി പറഞ്ഞു.

ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ബൗളിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ നാലു വിക്കറ്റുമായി മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുമായി ഇഷാന്തും തിളങ്ങിയിരുന്നു. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാരുടെ ഭൂരിഭാഗം പന്തുകളും കിവീസ് ഓപ്പണര്‍മാരായ ടോം ലാഥമും ഡെവോണ്‍ കോണ്‍വോയും തൊടാതെ വിട്ടു. നിലയുറപ്പിച്ചശേഷം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഉയര്‍ത്താനും കിവീസിനായി.

click me!