
മുംബൈ: 2026-ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായകമായത് മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു. ടൂർണമെന്‍റിന്‍റെ ആദ്യ പകുതിയിൽ പ്ലേയിംഗ് ഇലവന് പുറത്തായിരുന്ന സഞ്ജുവിനെ എങ്ങനെയാണ് തിരികെ എത്തിച്ചതെന്നും അതിന് പിന്നിലെ കാരണങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്. എതിരാളികൾ ഒരുക്കിയ 'ഓഫ്-സ്പിൻ' കെണിയിൽ നിന്ന് രക്ഷപ്പെടാനാണ് സഞ്ജുവിനെ ടീം മാനേജ്‌മെന്‍റ് വീണ്ടും പ്ലേയിംഗ് ഇലവനില്‍ എടുത്തതെന്നും തിരിഞ്ഞുനോക്കുമ്പോള്‍ അത് ദൈവത്തിന്‍റെ പദ്ധതിയായിരുന്നുവെന്ന് വേമമെങ്കില്‍ പറയാമെന്നും കൊട്ടക് പറഞ്ഞു.
ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിങ്ങനെ തുടർച്ചയായി മൂന്ന് ഇടംകൈയ്യൻ ബാറ്റ്‌സ്മാന്മാരാണുണ്ടായിരുന്നത്. ഇത് മുതലെടുക്കാൻ എതിർ ടീമുകൾ തുടക്കത്തിലേ ഓഫ് സ്പിന്നർമാരെ പന്തേൽപ്പിക്കുകയും ഇന്ത്യൻ വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തുകയും ചെയ്തു. ആദ്യ ഓവറുകളിൽ തന്നെ വിക്കറ്റ് നഷ്ടപ്പെടുന്ന സാഹചര്യം തുടർച്ചയായി നാല് മത്സരങ്ങളിൽ ആവർത്തിച്ചതോടെയാണ് സഞ്ജുവിനെ ഓപ്പണിംഗിലേക്ക് കൊണ്ടുവരാൻ ടീം തീരുമാനിച്ചത്. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ വേണ്ടി ഒരു വിക്കറ്റ് കീപ്പർ മാത്രമെന്ന പതിവ് രീതി ഇന്ത്യ മാറ്റിയെന്ന് കൊട്ടക് വെളിപ്പെടുത്തി.
രണ്ട് വിക്കറ്റ് കീപ്പർമാരുമായി കളിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സഞ്ജു കീപ്പ് ചെയ്യുമ്പോൾ ഇഷാൻ കിഷൻ മികച്ച ഒരു ഫീൽഡറായി മാറി. സഞ്ജു കീപ്പറാവുമ്പോള്‍ ഫീല്‍ഡ് ചെയ്യാന്‍ സന്തോഷമേയുള്ളൂവെന്ന് ഇഷാനും പറഞ്ഞു. ഇടംകൈ-വലംകൈ കോമ്പിനേഷൻ ഓപ്പണിംഗിൽ കൊണ്ടുവരിക എന്നതായിരുന്നു പ്രധാന ലക്ഷ്യം. റിങ്കു സിംഗിന് എട്ടാം നമ്പറിൽ അധികം അവസരങ്ങൾ ലഭിക്കാത്തതും സഞ്ജുവിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കി- സിതാൻഷു കൊട്ടക് പറഞ്ഞു.
സൂപ്പർ 8 വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടം, സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരം, ഫൈനലിൽ ന്യൂസിലൻഡിനെതിരായ പോരാട്ടം എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മത്സരങ്ങളിലും സഞ്ജു തുടർച്ചയായി വലിയ സ്കോറുകൾ നേടി. 31-കാരനായ സഞ്ജുവിന്റെ പക്വതയാർന്ന ബാറ്റിംഗും സമ്മർദ്ദഘട്ടങ്ങളിലെ പോരാട്ടവീര്യവും ഇന്ത്യയെ രണ്ടാം വട്ടവും ലോകകിരീടത്തിലേക്ക് നയിച്ചു.
സഞ്ജു ഓപ്പണറായി എത്തിയതോടെ മധ്യനിരയിൽ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ സാധിച്ചുവെന്നും കൊട്ടക് കൂട്ടിച്ചേർത്തു. സെമിയില്‍ തനിക്ക് മുമ്പെ ശിവം ദുബെയെ അയക്കാനും ഫൈനലില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ നേരത്തെ ഇറക്കാനും സാധിച്ചത് ബാറ്റിംഗ് നിരയിലെ ഈ ഫ്ലെക്സിബിലിറ്റി കാരണമാണെന്നും കൊട്ടക് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!