
ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ചരിത്ര ടെസ്റ്റ് പരമ്പര ജയം ലക്ഷ്യമിട്ട് (India Tour of South Africa 2021-22) വിരാട് കോലിയും (Virat Kohli) സംഘവും ലാന്‍ഡ് ചെയ്‌തുകഴിഞ്ഞു. മഴവില്‍ രാഷ്‌ട്രത്തില്‍ നാളിതുവരെ വെള്ള ജേഴ്‌സിയില്‍ പരമ്പര നേടാനായിട്ടില്ല എന്ന നാണക്കേട് മാറ്റുകയാണ് ടീം ഇന്ത്യയുടെ (Team India) ലക്ഷ്യം. ഇന്ത്യന്‍ ക്രിക്കറ്റിലെ നായകപദവിയെ ചൊല്ലിയുള്ള വിവാദങ്ങളും പരമ്പരയെ കൂടുതല്‍ ചര്‍ച്ചയാക്കുന്നു. അതിനാല്‍ വിരാട് കോലിയെ സംബന്ധിച്ച് തന്‍റെ നായകശേഷി തെളിയിക്കാനുള്ള അവസാന അവസരമാണിത് ഇത് എന്നാണ് പാക് മുന്‍താരം ഡാനിഷ് കനേറിയയുടെ (Danish Kaneria) വാദം.
'ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല എന്നതിനാല്‍ വിരാട് കോലിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ പരമ്പരയാണിത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പരമ്പര വിജയിച്ചു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള കോലിയുടെ അവസാന അവസരമാണിത്. വിരാട് കോലി റണ്‍സടിച്ച് കൂട്ടണം, ടീമിനെ ജയിപ്പിക്കണം, ഏകദിന നായകപദവിയില്‍ നിന്ന് തെറിപ്പിച്ചതിനാല്‍ തന്‍റെ കഴിവ് തെളിയിക്കാന്‍ കോലിക്കുള്ള അവസരമാണിത്' എന്നും കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സീസണ്‍ അവസാനത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായകസ്ഥാനം ഒഴിയുമെന്ന് ഐപിഎല്‍ 2021ന്‍റെ രണ്ടാം ഘട്ടം യുഎഇയില്‍ ആരംഭിക്കുന്നതിന് മുമ്പ് വിരാട് കോലി പ്രഖ്യാപിച്ചിരുന്നു. ടി20 ലോകകപ്പോടെ കുട്ടിക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍സിയും കോലി അവസാനിപ്പിച്ചു. കോലിയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശര്‍മ്മയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന നായകപദവിയും ഏല്‍പിക്കുകയായിരുന്നു ബിസിസിഐ. ഇതോടെ ടെസ്റ്റില്‍ മാത്രമായി കോലി ക്യാപ്റ്റന്‍.
ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ മികച്ച റെക്കോര്‍ഡ് കോലിക്കുണ്ട്. 59.09 ആണ് വിജയശരാശരിയെങ്കില്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പരമ്പര ഉയര്‍ത്തി. എന്നാല്‍ ബാലികേറാമലയായി തുടരുന്ന ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടുകയാണ് ഇത്തവണത്തെ പര്യടനത്തില്‍ കോലിപ്പടയുടെ ലക്ഷ്യം. 2010-11 പര്യടനത്തില്‍ സമനില നേടിയതാണ് ഇതിന് മുമ്പത്തെ മികച്ച പ്രകടനം. മുമ്പ് കോലിക്ക് കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യ എത്തിയപ്പോള്‍ ടെസ്റ്റില്‍ 2-1ന് തോല്‍വി വഴങ്ങിയിരുന്നു.
ടെസ്റ്റ്, ഏകദിന പരമ്പരകൾക്കായി യാത്ര തിരിച്ച ഇന്ത്യൻ ടീം സെഞ്ചൂറിയനിൽ എത്തിയിട്ടുണ്ട്. രാവിലെയാണ് മുംബൈയിൽ നിന്ന് ടീം യാത്ര തിരിച്ചത്. മുംബൈയിൽ ഒരുക്കിയ ബയോ ബബിളിൽ ആണ് താരങ്ങൾ പരിശീലനം നടത്തിയിരുന്നത്. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ റിസോർട്ടിൽ ആണ് ടീമിന് താമസ സൗകര്യവും പരിശീലനവും ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 26നാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍സി വിവാദങ്ങള്‍ക്കിടെയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തുടക്കമാകുന്നത്.
ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!