ബൂമ്രയ്ക്ക് പിന്തുണയുമായി ഷെയ്ന്‍ ബോണ്ട്; കൂടെ ന്യൂസിലന്‍ഡിന് ഉപദേശവും

By Web TeamFirst Published Feb 19, 2020, 2:54 PM IST
Highlights

ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിന് ഇറങ്ങുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് ഉപദേശവുമായി മുന്‍താരം ഷെയ്ന്‍ ബോണ്ട്. അഞ്ച് പേസര്‍മാരെ കളിപ്പിക്കണമെന്നാണ് മുന്‍ പേസറായ ബോണ്ട് അഭിപ്രായപ്പെടുന്നത്.

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിന് ഇറങ്ങുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് ഉപദേശവുമായി മുന്‍താരം ഷെയ്ന്‍ ബോണ്ട്. അഞ്ച് പേസര്‍മാരെ കളിപ്പിക്കണമെന്നാണ് മുന്‍ പേസറായ ബോണ്ട് അഭിപ്രായപ്പെടുന്നത്. ഏകദിന പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബൂമ്രയെ പിന്തുണയ്ക്കാനും ബോണ്ട് മറന്നില്ല. ബൂമ്ര തിരിച്ചുവരുമെന്നാണ് ബോണ്ട് പറയുന്നത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന ന്യൂസിലന്‍ഡ്- ഇന്ത്യ ആദ്യ ടെസ്റ്റിന് മുമ്പ് സംസാരിക്കുകയായിരുന്നു ബോണ്ട്. അദ്ദേഹം തുടര്‍ന്നു... ''ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഒരു സ്പിന്നറെ പോലും കളിപ്പിച്ചില്ലെങ്കില്‍ പോലും അത്ഭുതപ്പെടാനില്ല. അഞ്ച് പേസര്‍മാരെ ഉപയോഗിച്ചാണ് കളിക്കേണ്ടത്. മത്സരം പുരോഗമിക്കുന്തോറും പിച്ച് കൂടുതല്‍ ഫ്ളാറ്റാവും. അപ്പോള്‍ കിവീസിനെ തോല്‍പ്പിക്കുക എളുപ്പമാവില്ല. ടോസ് നേടിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരിക്കും ഉചിതം. കാരണം ആദ്യദിനം പിച്ചില്‍ ബൗളര്‍മാര്‍ക്കു നല്ല മൂവ്മെന്റ് ലഭിക്കും.'' ബോണ്ട് പറഞ്ഞു. 

ഇന്ത്യന്‍ പേസര്‍ ബൂമ്രയേയും ബോണ്ട് പിന്തുണച്ചു. ''ഏകദിനത്തില്‍ ബൂമ്രയ്‌ക്കെതിരെ ന്യൂസിലന്‍ഡ് താരങ്ങള്‍ നന്നായി കളിച്ചു. എന്നാല്‍ ബൂമ്ര ടെസ്റ്റില്‍ തിരിച്ചുവരും. പരമ്പരയില്‍ മോശമല്ലാത്ത രീതിയിലാണ് ബൂമ്ര പന്തെറിഞ്ഞത്. എന്നാല്‍ വിക്കറ്റ് ലഭിക്കണമെന്നില്ല.'' ബൂമ്ര പറഞ്ഞുനിര്‍ത്തി. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ബൗളിങ് കോച്ചായിരുന്ന ബോണ്ട് വ്യക്തമാക്കി.

click me!