ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ്; ബുമ്രക്ക് മുന്നില്‍ ഇരട്ട അഗ്‌നിപരീക്ഷ

By Web TeamFirst Published Jan 19, 2023, 7:07 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ബുമ്രക്ക് മുന്നിലുള്ള വെല്ലുവിളി

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും മുമ്പ് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചേക്കും എന്ന് സൂചന. 100 ശതമാനം ഫിറ്റ്‌നസ് കൈവരിക്കാത്ത ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ കായികക്ഷമത പരിശോധനയ്ക്ക് വിധേയനാകും മുമ്പ് ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചാല്‍ ബുമ്ര ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശേഷമാകും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്തുക എന്നാണ് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. കങ്കാരുക്കള്‍ക്ക് എതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ ബുമ്രയെ ഉള്‍പ്പെടുത്തിയിരുന്നില്ല. 

'ജസ്പ്രീത് ബുമ്രയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. എന്നാല്‍ 100 ശതമാനം ഫിറ്റ്‌നസ് കൈവരിക്കുന്നതിന് അകലെയാണ്. മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും മുമ്പ് രണ്ട് ആഴ്‌ച കൂടി താരത്തിന് റീഹാബിലിറ്റേഷന്‍ വേണ്ടിവരും. എല്ലാം നല്ലതുപോലെ സംഭവിച്ചാല്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും മുമ്പ് താരം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനിടയുണ്ട്. എന്നാല്‍ ഇത് സെലക്‌ടര്‍മാരുടെ തീരുമാനവും ബുമ്രയുടെ ഫിറ്റ്‌നസും അനുസരിച്ചിരിക്കും' എന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ബുമ്രക്ക് മുന്നിലുള്ള വെല്ലുവിളി. നേരത്തെ ലങ്കയ്ക്കെതിരായ ഏകദിനങ്ങള്‍ക്കുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ ബുമ്രയുടെ പേരില്ലായിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്തത് ചൂണ്ടിക്കാണിച്ച് പിന്നീട് താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഏകദിനത്തിന് ഒരു ദിവസം മാത്രം മുമ്പ് താരത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചെങ്കിലും മുംബൈയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം പരിശീലനം നടത്തിയപ്പോള്‍ ബുമ്രയുടെ നടുവിന് വീണ്ടും പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു. 

പരിക്ക് കാരണം ഏറെ നാളുകളായി വിട്ടുനില്‍ക്കുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ രഞ്ജി ട്രോഫി കളിച്ച് ഫിറ്റ്‌നസ് തെളിയിച്ച ശേഷമാകും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുക എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഓസീസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ജഡേജയുടെ പേരുണ്ടായിരുന്നു. ഫെബ്രുവരി 9ന് നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്. 

ഓസീസ് പരീക്ഷയ്ക്ക് മുമ്പ് ജഡേജയ്ക്ക് അഗ്നിപരീക്ഷ; ഫിറ്റ്‌നസ് തെളിയിക്കാന്‍ നിര്‍ണായക നടപടി
 

click me!