ഏകദിന ലോകകപ്പ്: മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാന്‍ പുതിയ നിര്‍ദേശവുമായി അശ്വിന്‍, പിന്തുണച്ച് രോഹിത്

By Web TeamFirst Published Jan 19, 2023, 5:57 PM IST
Highlights

അശ്വിന്‍റെ നിർദേശത്തെ പൂർണമായി പിന്തുണച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇക്കാര്യത്തിൽ ബ്രോ‍ഡ്‌കാസ്റ്റർമാരാണ് അന്തിമ തീരുമാനം എടുക്കുകയെന്നും വ്യക്തമാക്കി. കളി നേരത്തേ തുടങ്ങിയാൽ ടോസ് നിർണായകമാവില്ല എന്നതായിരിക്കും സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം.

മുംബൈ: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിൽ മത്സരങ്ങൾ നേരത്തെ തുടങ്ങണമെന്ന വാദം ശക്തമാവുന്നു. മഞ്ഞുവീഴ്ച രണ്ടാമത് പന്തെറിയുന്ന ടീമിന് പ്രതികൂലമാവുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. ഇന്ത്യയിൽ രാത്രിയും പകലുമായി നടക്കുന്ന വൈറ്റ് ബോൾ മത്സരങ്ങളിൽ രണ്ടാമത് പന്തെറിയുക ഒട്ടും എളുപ്പമല്ല. മഞ്ഞുവീഴ്ച ഉണ്ടെങ്കിൽ 350 റൺസ് പോലും അനായാസം മറികടക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മഞ്ഞിന്‍റെ നനവിൽ ബൗളർമാർക്ക് പന്തിൽ ഗ്രിപ്പ് നഷ്ടമാവുകയും ബാറ്റിംഗ് എളുപ്പമാവുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പ് മത്സരങ്ങള്‍ രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങണമെന്ന് ആർ അശ്വിൻ ആവശ്യപ്പെട്ടത്. നിലവിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുന്നത്. ലോകകപ്പ് പോലെ വളരെ പ്രധാനപ്പെട്ട മത്സരങ്ങളിൽ ഇരുടീമിനും തുല്യസാഹചര്യം വേണമെന്നും അശ്വിൻ പറഞ്ഞു.

അശ്വിന്‍റെ നിർദേശത്തെ പൂർണമായി പിന്തുണച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇക്കാര്യത്തിൽ ബ്രോ‍ഡ്‌കാസ്റ്റർമാരാണ് അന്തിമ തീരുമാനം എടുക്കുകയെന്നും വ്യക്തമാക്കി. കളി നേരത്തേ തുടങ്ങിയാൽ ടോസ് നിർണായകമാവില്ല എന്നതായിരിക്കും സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം.

പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ റായ്‌പൂരില്‍; മത്സരത്തിന് മുമ്പ് രണ്ട് ആശങ്കകള്‍

കാഴ്ചക്കാര്‍ കുറയുമെന്ന വാദം ചൂണ്ടിക്കാട്ടിയാണ് പകല്‍ രാത്രി ഏകദിന മത്സരങ്ങള്‍ ഉച്ചക്ക് 1.30ന് തുടങ്ങുന്നത്. രാത്രി ഒമ്പത് മണിയോടെ പൂര്‍ത്തിയാവുന്ന മത്സരത്തിന് പ്രൈം ടൈം കാഴ്ചക്കാരുണ്ടാകുമെന്നതിനാലാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ ഈ സമം നിശ്ചയിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയയില് നടന്ന ടി20 ലോകകപ്പിലെ പല മത്സരങ്ങളും ഇന്ത്യന്‍ സമയം പകലായിരുന്നിട്ടും കാഴ്ചക്കാരുണ്ടായി എന്നത് അശ്വിന്‍ ചൂണ്ടികാട്ടിയിരുന്നു. പുതിയ നിര്‍ദേശം നടപ്പാക്കിയാല്‍ ടീമുകള്‍ക്ക് തമ്മിലുള്ള യഥാര്‍ത്ഥ ന്തരം മനസിലാക്കാമെന്നും അശ്വിന്‍ പറഞ്ഞിരുന്നു.

അടുത്തി ശ്രീലങ്കക്കെതിരായ പരമ്പരയിലും ഇന്നലെ നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 300ന് മുകളില്‍ സ്കോര്‍ ഉയര്‍ത്തിയിട്ടും എതിരാളികള്‍ ഇന്ത്യന്‍ സ്കോറിന് അടുത്തെത്തി. അതും മുന്‍നിര മടങ്ങിയശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് ഇരു ടീമുകളും വലിയ സ്കോര്‍ പിന്തുടര്‍ന്നത്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ഈ സമയം മഞ്ഞു വീഴ്ച കൂടുതലായിരിക്കുമെന്നതിനാല്‍ അശ്വിന്‍റെ നിര്‍ദേശത്തിന് പ്രധാന്യം കൂടുന്നു.

click me!