ബുമ്രയുടെ ആ നോബോളിന് ശേഷമാണ് കളി മാറിയത്; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനെക്കുറിച്ച് ഭുവി

By Web TeamFirst Published Jun 28, 2020, 6:04 PM IST
Highlights

ഒരിക്കലും നമ്മള്‍ ഏകപക്ഷീയ തോല്‍വികള്‍ വഴങ്ങുകയായിരുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. പക്ഷെ നിര്‍ണായക മത്സരങ്ങളില്‍ മാത്രം നമുക്ക് കാലിടറി.

ഭോപ്പാല്‍: ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം നേടാനാവാതെ പോവുന്നതിനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. പല ടൂര്‍ണമെന്റുകളിലും ചെറിയൊരു പിഴവിലാണ് മത്സരം കൈവിട്ടുപോവാറുള്ളതെന്ന് ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭുവി പറഞ്ഞു.

2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അന്ന് പാക്കിസ്ഥാനെതിരായ ഫൈനലില്‍ തുടക്കത്തില്‍ ജസ്പ്രീത് ബുമ്ര എറിഞ്ഞ നോ ബോളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അതുപോലെ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമിയില്‍ വെറും 10-15 മിനിറ്റിനുള്ളില്‍ മൂന്നോ നാലോ വിക്കറ്റുകള്‍ നഷ്ടമായതാണ് ന്യൂസിലന്‍ഡിനെതിരെ തോല്‍ക്കാന്‍ കാരണമായത്. നിര്‍ഭാഗ്യകരമായൊരു സംഭവമോ പിഴവോ കാരണമാണ് നമ്മള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ പലപ്പോഴും തോല്‍വിയിലേക്ക് വഴുതി വീണിട്ടുള്ളത്.



ഒരിക്കലും നമ്മള്‍ ഏകപക്ഷീയ തോല്‍വികള്‍ വഴങ്ങുകയായിരുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. പക്ഷെ നിര്‍ണായക മത്സരങ്ങളില്‍ മാത്രം നമുക്ക് കാലിടറി. 2013ലാണ് നമ്മള്‍ അവസാനം ഐസിസി ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായത്. ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു അത്.

അതിനുശേഷം മൂന്നോ നാലോ ഐസിസി ടൂര്‍ണമെന്റുകളാണ് നടന്നത്. ഇതിലെല്ലാം നമ്മള്‍ സെമിയിലോ ഫൈനലിലോ എത്തിയിരുന്നു. എന്നാല്‍ കിരീടം നേടാനാവാതെ പോയത് നിര്‍ഭാഗ്യമെന്ന് മാത്രമെ പറയാനാവു എന്നും ഭുവനേശ്വര്‍കുമാര്‍ പറഞ്ഞു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക് ഓപ്പണര്‍ ഫഖര്‍ സമനെ ബുമ്ര പുറത്താക്കിയിരുന്നെങ്കിലും അത് നോ ബോളായിരുന്നു. പിന്നീട് സമന്‍ സെഞ്ചുറിയുമായി പാക്കിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിക്കുകയും ചെയ്തു.

click me!