
റാഞ്ചി:ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഇന്ത്യക്കായി പന്തെറിഞ്ഞ ബുമ്രയാണ് പരമ്പരയില്‍ 17 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്.നാലാം ടെസ്റ്റിന് മാത്രമാണ് ഇപ്പോള്‍ വിശ്രമം അനുവദിച്ചിരിക്കുന്നതെങ്കിലും ഈ മത്സരത്തിന്‍റെ ഫലം അനുസരിച്ച് ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിലും വിശ്രമം അനുവദിക്കുന്ന കാര്യം പരിഗണിക്കും.
പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലായി ഇതുവരെ 80.5 ഓവര്‍ ബുമ്ര പന്തെറിഞ്ഞു കഴിഞ്ഞു. വരാനാരിക്കുന്ന ഐപിഎല്‍ സീസണും തൊട്ടു പിന്നാലെ നടക്കുന്ന ടി20 ലോകകപ്പും കണക്കിലെടുത്ത് ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ബുമ്രക്ക് വിശ്രമം അനുവദിക്കുന്നത്. ബുമ്രക്ക് പകരം പേസര്‍ മുകേഷ് കുമാറിനെ നാലാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. രണ്ടാം ടെസ്റ്റിനുശേഷം മുകേഷിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇടവേളയില്‍ ബിഹാറിനെതിരായ രഞ്ജി മത്സരത്തില്‍ കളിച്ച മുകേഷ് മത്സരത്തില്‍ 50 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്ത് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് വീണ്ടും ടീമിലെത്തിയത്. രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിന് വിശ്രമം കൊടുത്തപ്പോള്‍ മുകേഷ് പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നു.
അതേസമയം, പരിക്കുമൂലം രണ്ടും മൂന്നും ടെസ്റ്റുകള്‍ നഷ്ടമായ മധ്യനിര ബാറ്റര്‍ കെ എല്‍ രാഹുല്‍ നാലാം ടെസ്റ്റില്‍ കളിക്കില്ല. അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഫിറ്റ്നെസിന്‍റെ അടിസ്ഥാനത്തില്‍ രാഹുലിനെ കളിപ്പിക്കാന്‍ താരുമാനിച്ചിരുന്നുവെങ്കിലും നാലാം ടെസ്റ്റിന് മുമ്പ് രാഹുല്‍ ഫിറ്റ്നെസ് വീണ്ടെടുക്കില്ലെന്നാണ് കരുതുന്നത്. ഇതോടെയാണ് നാലാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് രാഹുലിനെ ഒഴിനാക്കിയത്. ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ ഫിറ്റ്നെസിന്‍റെ അടിസ്ഥാനത്തിലാവും രാഹുലിനെ കളിപ്പിക്കുക. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയിപ്പോള്‍ 2-1ന് മുന്നിലാണ്.
നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ് സിങ്, മുകേഷ് കുമാര്‍.