
ബെംഗളൂരു: ഗുരുതരമായി പരിക്കേറ്റ കാറപകടത്തിന് ശേഷം സജീവ ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവിന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഒരുങ്ങുന്നു. ഐപിഎല്‍ 2024 സീസണില്‍ ബാറ്ററും ക്യാപ്റ്റനുമായി ഡല്‍ഹി ക്യാപിറ്റല്‍സിനായി റിഷഭ് പന്ത് കളത്തിലിറങ്ങും എന്ന് ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ക്യാപിറ്റല്‍സില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് റിഷഭ് അണിയുമോയെന്ന് വ്യക്തമല്ല.
കരിയറിനെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയ കാര്‍ അപകടത്തിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സയും പരിശീലനവും നടത്തിവരുന്ന റിഷഭ് പന്ത് ആലൂരില്‍ പരിശീലന മത്സരത്തില്‍ സജീവമായിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ഒരു മത്സരത്തില്‍ പൂര്‍ണമായി മൈതാനത്തിറങ്ങിയത്. പരിക്കില്‍ നിന്ന് മികച്ച രീതിയില്‍ തിരിച്ചുവരുന്നതായുള്ള സൂചനയാണ് റിഷഭ് കാട്ടുന്നത്. ഐപിഎല്ലിന്‍റെ 17-ാം എഡിഷനില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത് നയിക്കും എന്ന് ക്ലബ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനയായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടരുന്ന റിഷഭ് പന്ത് കഴിഞ്ഞ മാസം ലണ്ടനില്‍ ചികില്‍സക്കായി പോയിരുന്നു. എന്‍സിഎ ഫിറ്റ്നസ് ക്ലിയറിന്‍സ് നല്‍കിയാല്‍ റിഷഭ് ഐപിഎല്‍ 2024 സീസണില്‍ ക്യാപിറ്റല്‍സിനായി ഇറങ്ങും. റിഷഭ് പന്തിന്‍റെ അസാന്നിധ്യത്തില്‍ ഡേവിഡ് വാര്‍ണറായിരുന്നു കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചത്.
2022 ഡിസംബര്‍ 30ന് അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് കാറപകടത്തില്‍ റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇതിന് ശേഷം ബിസിസിഐ നിര്‍ദേശത്തെ തുടര്‍ന്ന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് റിഷഭിനെ മാറ്റുകയും ശസ്‌ത്രക്രിയ നടത്തുകയുമായിരുന്നു. ഒരുവേള ഇനി ക്രിക്കറ്റിലേക്ക് മടങ്ങിവരവ് സാധ്യമല്ല എന്ന് കരുതിയയിടത്ത് നിന്നാണ് റിഷഭ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നത്.
ഇരുപത്തിയാറുകാരനായ റിഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യക്കായി കളിച്ചുകൊണ്ടിരിക്കേയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. 33 ടെസ്റ്റില്‍ 2271 റണ്‍സും 30 ഏകദിനങ്ങളില്‍ 865 റണ്‍സും 66 രാജ്യാന്തര ട്വന്‍റി 20കളില്‍ 987 റണ്‍സുമുള്ള റിഷഭ് ഐപിഎല്ലില്‍ 98 മത്സരങ്ങളില്‍ 2838 റണ്‍സുമായി മികച്ച റെക്കോര്‍ഡുള്ള താരമാണ്.
Read more: റിഷഭ് പന്ത് വരും, വമ്പന്‍ സന്തോഷവാര്‍ത്തയുമായി പോണ്ടിംഗ്; എന്നാലൊരു ആശങ്കയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം