
കൊളംബൊ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തും. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി അദ്ദേഹം തിരിച്ചെത്തും. 29 കാരനായ ബുമ്ര അടുത്തകാലത്താണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തിരുന്ന അദ്ദേഹം അയര്‍ലന്‍ഡിനെതിരെ പര്യടനത്തില്‍ തിരിച്ചെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ മത്സരത്തില്‍ ബുമ്രയ്ക്ക് പന്തെറിയേണ്ടി വന്നിരുന്നില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ 266ന് എല്ലാവരും പുറത്തായിരുന്നു. പിന്നാലെ മഴയെത്തിയതോടെ പാകിസ്ഥാന് ബാറ്റിംഗിന് ഇറങ്ങാന്‍ സാധിച്ചില്ല. ഇതോടെ, ഇന്ത്യക്കും പാകിസ്ഥാനും പോയിന്റുകള്‍ പങ്കിടേണ്ടിവന്നു. പാകിസ്ഥാന്‍ മൂന്ന് പോയിന്റോടെ സൂപ്പര്‍ ഫോറിലേക്ക് കടക്കുകയും ചെയ്തു. നാളെ ദുര്‍ബലരായ നേപ്പാളിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കും സൂപ്പര്‍ ഫോറിലെത്താം.
്അതേസമയം, പാകിസ്ഥാനെതിരെ വിരാട് കോലി (4) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു. കോലിക്ക് പുറമെ രോഹിത് ശര്‍മ (11), ശുഭ്മാന്‍ ഗില്‍ (32 പന്തില്‍ 10), ശ്രേയസ് അയ്യര്‍ (14) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല. ഏകദിന ലോകകപ്പ് അടുത്തെത്തി നില്‍ക്കെ പ്രധാന താരങ്ങള്‍ക്ക് തിളങ്ങാനാവാതെ പോയത് ആരാധകരെ നിരാശരാക്കി. വലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ താരങ്ങള്‍ പരാജയപ്പെടുന്നത് ആരാധകരേയും നിരാശരാക്കുന്നു.
എന്നാല്‍ നിരാശരാവേണ്ട കാര്യമില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ''താരങ്ങള്‍ നിരാശപ്പെടുത്തിയതില്‍ കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല. അവരുടെ റെക്കോര്‍ഡ്‌സ് നോക്കൂ, കോലി ഏകദിനത്തില്‍ മാത്രം 11,000 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് 9,000ത്തില്‍ കൂടുതല്‍ റണ്‍സും നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന് എത്രത്തോളം കഴിവുണ്ടെന്ന് അദ്ദേഹം തെളിയിച്ചിതാണ്. കോലി, രോഹിത് എന്നിവര്‍ നേരത്തെ മടങ്ങിയാലും അഞ്ച്, ആറ് സ്ഥാനത്ത് ഇറങ്ങുന്നവര്‍ക്ക് മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യമില്ല. ഇതൊക്കെ എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും സംഭവിക്കുന്നതാണ്.'' ഗവാസ്‌കര്‍ പറഞ്ഞു.
മൂന്നാം മത്സരത്തിലും പരാജയം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി