ഇന്ത്യ വിക്കറ്റ് വീഴ്ത്താന്‍ പാടുപെടുന്നതിനിടെ ഡ്രസ്സിംഗ് റൂമിൽ ഗംഭീറും ബുമ്രയും തിരക്കിട്ട് ചര്‍ച്ച; തിരിച്ചുവന്ന് വീഴ്ത്തിയത് റൂട്ടിനെ

Published : Jun 22, 2025, 11:00 AM IST
Jasprit Bumrah-Gautam Gambhir

Synopsis

ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച ബാറ്റര്‍ക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറെ തന്നെ നിയോഗിച്ചെങ്കിലും ആദ്യ സ്പെല്ലില്‍ റൂട്ടിനെ വിറപ്പിക്കാന്‍ മാത്രമെ ബുമ്രക്കായുള്ളു.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 471 റണ്‍സിന് പുറത്തായി ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയത് പുതിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ തന്ത്രങ്ങളിലേക്കായിരുന്നു. ആദ്യ ഓവറില്‍ തന്നെ സാക് ക്രോളിയെ മടക്കി ബുമ്ര നല്‍കിയ മുന്‍തൂക്കം എന്നാല്‍ മറ്റ് ഇന്ത്യൻ ബൗളര്‍മാര്‍ കളഞ്ഞു കുളിക്കുന്നതാണ് പിന്നീട് കണ്ടത്.

ജസ്പ്രീത് ബുമ്രയെ മാത്രം കരുതലോടെ നേരിട്ട ഇംഗ്ലീഷ് ബാറ്റര്‍മാരായ ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും ഷാര്‍ദ്ദുല്‍ താക്കൂറിനും രവീന്ദ്ര ജഡേജക്കുമെതിരെ അനായാസം ബാറ്റ് വീശി. ഗില്‍ ആകട്ടെ ബുമ്രയെ ചെറിയ സ്പെല്ലുകളിലാണ് ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ബുമ്രയുടെ ഭീഷണി ഒഴിഞ്ഞാല്‍ റണ്‍സടിക്കുക എന്നതായിരുന്നു ഇംഗ്ലണ്ടിന്‍റെ തന്ത്രം. ഇതിനിടെ ഇടക്കിടെ ബുമ്ര വരുമ്പോഴൊക്കെ അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഇന്ത്യൻ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ തിരിച്ചടിയായി.

 

സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷം ബെന്‍ ഡക്കറ്റ് മടങ്ങിയതിന് പിന്നാലെ ജോ റൂട്ടാണ് ഇംഗ്ലണ്ടിനായി ക്രീസിലെത്തിയത്. ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച ബാറ്റര്‍ക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറെ തന്നെ നിയോഗിച്ചെങ്കിലും ആദ്യ സ്പെല്ലില്‍ റൂട്ടിനെ വിറപ്പിക്കാന്‍ മാത്രമെ ബുമ്രക്കായുള്ളു. ഇടക്ക് സിറാജിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. റൂട്ടിനെതിരായ ആദ്യ സ്പെല്‍ കഴിഞ്ഞ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ നാല്‍പതാം ഓവറില്‍ ഗ്രൗണ്ട് വിട്ട ബുമ്ര ഡ്രസ്സിംഗ് റൂമിലെത്തി കോച്ച് ഗൗതം ഗംഭീറുമായി ചൂടേറിയ ചര്‍ച്ച ചെയ്യുന്ന രംഗങ്ങളും ആരാധകര്‍ പിന്നീട് കണ്ടു. ഷാര്‍ദ്ദുല്‍ താക്കൂറായിരുന്നു ഈ സമയം പന്തെറിഞ്ഞിരുന്നത്. മറ്റ് ബൗളര്‍മാരുടെ പ്രകടനത്തില്‍ ബുമ്ര തൃപ്തനല്ലെന്ന് അദ്ദേഹത്തിന്‍റെ ശരീരഭാഷ വ്യക്തമാക്കിയിരുന്നു.

ഇതിനുശേഷം രണ്ടാം ദിനത്തിലെ അവസാന സ്പെൽ എറിയാനായി എത്തിയ ബുമ്ര ജോ റൂട്ടിനെ ഓഫ് സൈഡ് കെണിയില്‍ വീഴ്ത്തി. ഓഫ് സ്റ്റംപില്‍ പിച്ച് ചെയ്ത് നേരേ പോയ പന്തില്‍ ബാറ്റ് വെച്ച റൂട്ടിനെ ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ കൈയിലൊതുക്കി. ഇത് പത്താം തവണയാണ് റൂട്ട് ബുമ്രക്ക് മുന്നില്‍ മുട്ടുമടക്കുന്നത്. റൂട്ടിന് പിന്നാലെ ഹാരി ബ്രൂക്കിനെ കൂടി മനോഹരമായൊരു ബൗണ്‍സറില്‍ ബുമ്ര മടക്കിയെങ്കിലും നോ ബോളായത് നിര്‍ഭാഗ്യമായി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റണ്‍സിന് മറുപടിയായി 209-3 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ക്രീസ് വിട്ടത്. ഇംഗ്ലണ്ട് നിരയില്‍ വീണ മൂന്ന് വിക്കറ്റും സ്വന്തമാക്കിയത് ബുമ്രയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല