
എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യക്ക് കനത്ത ആഘാതമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) കൊവിഡ് പോസിറ്റീവായിരുന്നു. അവസാന ടെസ്റ്റില്‍ രോഹിത് ടീമിനെ നയിക്കാനുണ്ടാകുമോ എന്ന് ഉറപ്പായിട്ടില്ല. ജൂലൈ ഒന്നിനാണ് ആദ്യ ടെസ്റ്റ്. ഇനി നാല് ദിവസമാണുള്ളത്. ഇതിനിടെ രോഹിത് കൊവിഡ് മുക്തനാവാന്‍ സാധ്യത കുറവാണ്. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ (KL Rahul) പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമില്ലാത്ത സാഹചര്യത്തില്‍ ആര് ഇന്ത്യയെ നയിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
രോഹിത് കളിക്കുന്നില്ലെങ്കില്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്കാണ് (Jasprit Bumrah) ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുക. മറ്റുതാരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതും ബുമ്രയ്ക്കാണ്. ബുമ്രയാണ് നയിക്കുന്നതെങ്കില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനും താരം ഉടമയാവും. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസറെന്ന റെക്കോര്‍ഡാണ് ബുമ്രയെ കാത്തിരിക്കുന്നത്. കപില്‍ ദേവാണ് ഇന്ത്യയെ അവസാനമായി നയിച്ച പേസര്‍.
1987ല്‍ പാകിസ്ഥാനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ബുമ്ര ആദ്യമായി വൈസ് ക്യാപ്റ്റനാകുന്നത്. അന്ന് കെ എല്‍ രാഹുലായിരുന്നു നായകന്‍. മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര നടന്നപ്പോവും ബുമ്രയായിരുന്നു വൈസ് ക്യാപ്റ്റന്‍. രോഹിത് ക്യാപ്റ്റനും.
ഇന്ത്യയെ നയിക്കാന്‍ കഴിയുന്നത് മാഹഭാഗ്യമാണെന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ബുമ്ര പറഞ്ഞിരുന്നു. അന്നദ്ദേഹം വിശദീകരിച്ചതിങ്ങനെ... ''നായകനാവാനുള്ള അവസരം ലഭിച്ചാല്‍, അതൊരു അഭിമാന നിമിഷം തന്നെയാവും. ടീമിലെ ഒരു താരവും നായകസ്ഥാനം വേണ്ടെന്ന് പറയില്ല. അതിനേക്കാള്‍ അനുഭവം മറ്റൊന്നില്ലെന്നുതന്നെ ഞാന്‍ പറയും. എന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയാക്കാനാണ് ഞാന്‍ ശ്രമിക്കാറ്. സീനിയര്‍ താരങ്ങളാവുമ്പോള്‍ എല്ലാവരും ക്യാപ്റ്റന്മാരാണ്. അത്രത്തോളം അനുഭവസമ്പത്ത് അവര്‍ക്കുണ്ടാവും.'' ബുമ്ര അന്ന് പറഞ്ഞു.
ശനിയാഴ്ച നടത്തിയ റാപിഡ് ആന്റിജന്‍ ടെസ്റ്റിലാണ് താരം കൊവിഡ് പോസിറ്റീവായത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയനാക്കും. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 25 റണ്‍സ് നേടിയ താരം റോമന്‍ വോള്‍ക്കറുടെ പന്തില്‍ പുറത്തായി.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടര്‍ന്ന് പുനക്രമീകരിച്ചതാണ് എഡ്ജ്ബാസ്റ്റണില്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പരയിലെ കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റര്‍ രോഹിത് ശര്‍മ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!