Ranji Trophy Final : രഞ്ജി ട്രോഫിയില്‍ പുതു ചരിത്രം; മുംബൈയെ വീഴ്ത്തി മധ്യപ്രദേശിന് കന്നിക്കിരീടം

By Jomit JoseFirst Published Jun 26, 2022, 2:56 PM IST
Highlights

108 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മധ്യപ്രദേശിന് രണ്ടാം ഓവറില്‍ യാഷ് ദുബെയെ നഷ്ടമായെങ്കിലും പ്രതികൂലമായി ബാധിച്ചില്ല

ബെംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍(Madhya Pradesh vs Mumbai Final) മുംബൈയുടെ വമ്പൊടിച്ച് മധ്യപ്രദേശിന് ആറ് വിക്കറ്റ് ജയവും കന്നി കിരീടവും(Madhya Pradesh Won Ranji Trophy 2021/22). രണ്ടാം ഇന്നിംഗ്സിലെ 108 റണ്‍സ് വിജയലക്ഷ്യം 29.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ചാംദിനത്തിന്‍റെ രണ്ടാം സെഷനില്‍ മധ്യപ്രദേശ് നേടുകയായിരുന്നു. സ്കോർ: മുംബൈ-374 & 269, മധ്യപ്രദേശ്-536 & 108-4. ശുഭം ശർമ്മ(Shubham S Sharma) ഫൈനലിലെയും സർഫറാസ് ഖാന്‍(Sarfaraz Khan) ടൂർണമെന്‍റിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.  

108 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മധ്യപ്രദേശിന് രണ്ടാം ഓവറില്‍ യാഷ് ദുബെയെ(1) നഷ്ടമായെങ്കിലും പ്രതികൂലമായി ബാധിച്ചില്ല.  37 റണ്‍സെടുത്ത സഹ ഓപ്പണർ ഹിമാന്‍ഷു മാന്‍ത്രി വിജയലക്ഷ്യം കുറച്ചുകൊണ്ടുവന്നു. ഹിമാന്‍ഷു പുറത്തായതിന് തൊട്ടുപിന്നാലെ പാർഥ് സഹാനിയും മടങ്ങി(5). വേഗം വിജയിക്കാന്‍ ആവേശം കാട്ടി മികച്ച ഫോമിലുള്ള ശുഭം ശർമ്മ 75 പന്തില്‍ 30 റണ്‍സെടുത്ത് മടങ്ങി. എങ്കിലും രജത് പടിദാറും(37 പന്തില്‍ 30*), ആദിത്യ ശ്രീവാസ്തവയും(2 പന്തില്‍ 1*) ചേർന്ന് മധ്യപ്രദേശിന് കന്നിക്കിരീടം സമ്മാനിച്ചു. 

മധ്യപ്രദേശ് 162 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 374 റൺസ് പിന്തുട‍ർന്ന മധ്യപ്രദേശ് 536 റൺസ് സ്കോർ ബോർഡില്‍ ചേർത്തു. യാഷ് ദുബെയുടെയും(133), രജത് പടിദാറിന്‍റെയും(122), ശുഭം ശർമ്മടേയും(116) സെഞ്ചുറികളുടെ മികവിലാണ് മധ്യപ്രദേശ് 536 റൺസെടുത്തത്. സരണ്‍ഷ് ജെയ്ന്‍ 57 റണ്‍സെടുത്ത് നിർണായ സംഭാവന നല്‍കി. ഷാംസ് മലാനി അഞ്ചും തുഷാർ ദേശ്പാണ്ഡെ മൂന്നും മൊഹിത് അവസ്തി രണ്ടും വിക്കറ്റ് വീഴ്ത്തി. 

എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ മുംബൈയെ 269 റണ്‍സില്‍ എറിഞ്ഞൊതുക്കി മധ്യപ്രദേശ് ബൗളർമാർ. കുമാർ കാർത്തികേയ നാലും ​ഗൗരവ് യാദവും പാർഥ് സഹാനിയും രണ്ട് വിക്കറ്റ് വീതവുമായി ആഞ്ഞെറിഞ്ഞപ്പോള്‍ മുംബൈ നിരയിലൊരാള്‍ മാത്രമാണ് 50 തികച്ചത്. 51 റണ്‍സെടുത്ത സുവേദ് പാർക്കറാണ് ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിവീരന്‍ സർഫറാസ് ഖാന്‍ 45 ഉം നായകന്‍ പൃഥ്വി ഷാ 44 ഉം റണ്‍സെടുത്ത് മടങ്ങി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ മുംബൈക്കായി സർഫറാസ് 134 റണ്‍സെടുത്തിരുന്നു. രഞ്ജി സീസണില്‍ സർഫറാസിന്‍റെ നാലാം ശതകമായിരുന്നു ഇത്.  

IRE vs IND : അയർലന്‍ഡിനെതിരായ ആദ്യ ടി20; ഏറ്റവും വലിയ ചോദ്യം സൂര്യകുമാർ യാദവിന്‍റെ കാര്യത്തിലെന്ന് ആകാശ് ചോപ്ര

click me!