
ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറും ഐസിസി മാച്ച് റഫറിയുമായ ജവഗല്‍ ശ്രീനാഥ് തന്റെ ലളിതമായ ജീവിതരീതികൊണ്ട് ഒരിക്കല്‍ക്കൂടി ആരാധകരുടെ ഹൃദയം കവരുകയാണ്. തൊണ്ണൂറുകളില്‍ എതിരാളികളുടെ പേടിസ്വപ്നമായിരുന്ന ഈ മുന്‍ കര്‍ണാടക താരം, കളിക്കളത്തിന് പുറത്തെ വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും പേരില്‍ എപ്പോഴും പ്രശംസ പിടിച്ചുപറ്റാറുണ്ട്.
ട്രോളി ബാഗുമായി ബെംഗളൂരു മെട്രോയില്‍ സാധാരണക്കാരനെപ്പോലെ യാത്രാ ചെയ്യുന്ന ജവഗല്‍ ശ്രീനാഥിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വലിയ സെലിബ്രിറ്റിയാണെന്ന ഭാവങ്ങളൊന്നുമില്ലാതെ പൊതുഗതാഗതം ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ആരാധകരില്‍ അഭിമാനമുണര്‍ത്തുന്നതാണ്. നീല ജീന്‍സും ആകാശ നീല നിറത്തിലുള്ള ഷര്‍ട്ടും ധരിച്ച് ട്രോളി ബാഗുമായി മെട്രോയില്‍ നില്‍ക്കുന്ന ശ്രീനാഥിന്റെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന ജാഡകളൊന്നുമില്ലാതെ ബെംഗളൂരുവില്‍ ശ്രീനാഥിനെ സാധാരണക്കാരായി കണ്ടുമുട്ടാറുണ്ടെന്ന് പലരും കമന്റ് ചെയ്തു. രാഹുല്‍ ദ്രാവിഡ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ കര്‍ണാടകയില്‍ നിന്നുള്ള മറ്റ് മുന്‍ താരങ്ങളും പൊതുസ്ഥലങ്ങളില്‍ ഇതേ ലാളിത്യം പ്രകടിപ്പിക്കാറുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ശ്രീനാഥിന്റെ ലാളിത്യം വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇത് ആദ്യമായല്ല. മുന്‍പ് മൈസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗുമായി ട്രെയിന്‍ കാത്തുനില്‍ക്കുന്ന ശ്രീനാഥിന്റെ ചിത്രം ഒരു ആരാധകന്‍ ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ചിരുന്നു. യാതൊരു ആര്‍ഭാടങ്ങളുമില്ലാതെ ഒരു സാധാരണ പൗരനായി ജീവിക്കാനുള്ള അദ്ദേഹത്തിന്റെ ശൈലി വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
67 ടെസ്റ്റുകളിലും 229 ഏകദിനങ്ങളിലും ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ ശ്രീനാഥ്, അന്താരാഷ്ട്ര കരിയറിന് ശേഷം ഐസിസി മാച്ച് റഫറിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!