
2026 ട്വന്റി20 ലോകകപ്പിന് മുന്നോടിയായി സഞ്‌ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് തഴയപ്പെട്ടിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യയുടെ ഇലവനില്‍ ഇടം പിടിക്കാതെ പോയ സഞ്‌ജു സാംസണ്‍ പിന്നീട് ടീമില്‍ തന്റെ സ്ഥാനം കണ്ടെത്തുകയും ലോകകപ്പിലെ മികച്ച പ്ലെയറായി മാറുകയും ചെയ്‌തത് ഗംഭീര തിരിച്ചുവരവുകളില്‍ ഒന്നായി. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് സഞ്‌ജുവിന് ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന കാര്യം എങ്ങനെ അറിയിക്കണമെന്ന് അറിയാതെ വിഷമിച്ചതിനെ കുറിച്ചും, സഞ്‌ജു ആ വിവരം അറിഞ്ഞപ്പോള്‍ പ്രതികരിച്ച രീതിയും വിശദീകരിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തില്‍ സഞ്‌ജുവിന്റെ പെട്ടെന്നുള്ള മറുപടി തന്നെ അതിശയപ്പെടുത്തിയെന്ന് സൂര്യകുമാര്‍ പറയുന്നു.
ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്നാണ് ഇഷാന്‍ കിഷന് വേണ്ടി സഞ്‌ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് തഴഞ്ഞത്. ഞങ്ങളെല്ലാം ബസിലായിരുന്നപ്പോഴാണ്, കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന സൂചന ഞാന്‍ അവന് നല്‍കിയത്. ഇത് കേട്ടശേഷം അവന്‍ എന്നോട് ഒരു കാര്യം മാത്രമാണ് പറഞ്ഞത്: ഈ ടീമിന് ലോകകപ്പ് നേടാന്‍ എന്താണോ വേണ്ടത്, അത് ചെയ്യൂ- സഞ്‌ജുവിന്റെ ഈ പോസിറ്റീവ് ചിന്താഗതിയോടെയുള്ള മറുപടി കേട്ട് സൂര്യകുമാര്‍ യാദവ് അതിശയിച്ചു.
നിങ്ങള്‍ക്ക് എപ്പോഴാണോ തന്നെ വേണ്ടത് അപ്പോളെല്ലാം താന്‍ കൂടെയുണ്ടാകും, കളിക്കാന്‍ പോകുന്നതുപോലെ തന്നെ താന്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും സഞ്‌ജു പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വലിയ ആത്മവിശ്വാസം തോന്നി. ജീവിതത്തില്‍ ഇതുപോലെയുള്ള ആളുകളുമുണ്ട് - സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ടി20 ലോകകപ്പ് വിജയത്തിന് ശേഷം താനും ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നത് മറ്റൊരു കാര്യം. സഞ്‌ജുവിന് എപ്പോഴും പിന്തുണ നല്‍കുമെന്ന് താന്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായും സൂര്യകുമാര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2024 ല്‍ ഞങ്ങള്‍ ശ്രീലങ്കയില്‍ പോയപ്പോള്‍ സഞ്‌ജുവിന് കാര്യമായി റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. താന്‍ എന്താണ് ചെയ്യേണ്ടതെന്ന് അവന്‍ എന്നോട് ചോദിച്ചു. അനന്തപൂരില്‍ ദുലീപ് ട്രോഫി കളിക്കുകയായിരുന്നു ഞങ്ങള്‍. എനിക്കും കോച്ചിനും അവനില്‍ വിശ്വാസമുണ്ടെന്ന് ഞാന്‍ അവനോട് പറഞ്ഞു. അടുത്ത ഏഴ് മത്സരങ്ങളിലും അവന്‍ കളിക്കുമെന്നും, ഏഴ് തവണ ഡക്ക് ആയാലും എട്ടാമത്തെ മത്സരത്തിലും അവന്‍ കളിക്കുമെന്നും ഞാന്‍ അവന് ഉറപ്പ് നല്‍കി-സൂര്യകുമാര്‍ പറഞ്ഞു.
ലോകകപ്പില്‍ സൂപ്പര്‍ 8 ഘട്ടത്തില്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തിയ സഞ്‌ജുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വെസ്‌റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ സഞ്‌ജു പുറത്താകാതെ 97 റണ്‍സെടുത്തു. സെമിഫൈനലിലും ഫൈനലിലും 89 റണ്‍സ് വീതം നേടി സഞ്‌ജു ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചത് ചരിത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!