
ലാഹോര്‍: പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശ്രീലങ്കന്‍ താരങ്ങളെ ശകാരിച്ച് പാക് ഇതിഹാസം ജാവേദ് മിയാന്‍ദാദ്. പരമ്പരയില്‍ നിന്ന് പിന്‍മാറിയ താരങ്ങള്‍ക്കെതിരെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുക്കണമെന്ന് മിയാന്‍ദാദ് ആവശ്യപ്പെട്ടു.
'ഏതൊക്കെ ശ്രീലങ്കന്‍ താരങ്ങളാണ് പര്യടനത്തിനെത്തുന്നത് എന്നതിന് വലിയ പ്രാധാന്യമില്ല. എന്നാല്‍ സന്ദര്‍ശകര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാണ് പാക്കിസ്ഥാന്‍ ടീം ശ്രമിക്കേണ്ടത്. അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കാണ് താരങ്ങള്‍ പ്രാഥമിക പരിഗണ നല്‍കേണ്ടത്. പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്കെതിരെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിഴ ചുമത്തണം' എന്നും മിയാന്‍ദാദ് പറഞ്ഞതായി പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാഭീതി കണക്കിലെടുത്ത് ശ്രീലങ്കയുടെ ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പിന്‍മാറിയിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് പുറമെ നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പേരേര, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്‌മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരാണ് പരമ്പരയില്‍ കളിക്കില്ലെന്ന് ബോര്‍ഡിനെ അറിയിച്ചത്.
പാക്കിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്‍റെ ബസിനുനേരെ 2009 മാര്‍ച്ചില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അന്ന് തലനാരിഴയ്‌ക്കാണ് താരങ്ങള്‍ രക്ഷപ്പെട്ടത്. ഇതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയാറായിട്ടില്ല. പാക്കിസ്ഥാന്‍- ശ്രീലങ്ക പരമ്പരയ്‌ക്ക് മുന്‍പ് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഐസിസി വിലയിരുത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!