സുനില്‍ ജോഷി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

By Web TeamFirst Published Mar 4, 2020, 5:21 PM IST
Highlights

1996-2001 കാലയളവില്‍ ഇന്ത്യക്കായി 15 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും കളിച്ച സുനില്‍ ജോഷി ബംഗ്ലാദേശ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റും അമേരിക്കന്‍ ടീമിന്റെ സ്പിന്‍ പരിശീലകനുമായിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയെ തെരഞ്ഞെടുത്തു. സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള മറ്റൊരു സ്ഥാനത്തേക്ക് മുന്‍ താരമായ ഹര്‍വീന്ദര്‍ സിംഗിനെയും ഉള്‍പ്പെടുത്തി. മുംബൈയില്‍ മദന്‍ ലാല്‍, ആര്‍ പി സിംഗ്, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയുമായി നടത്തിയ അഭിമുഖത്തിനുശേഷമാണ് ജോഷിയെ സെലക്ഷന്‍ കമ്മിറ്റിയ ചെയര്‍മാനായി തെര‍ഞ്ഞെടുത്തത്.

നിലവിലെ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന എംഎസ്കെ പ്രസാദിനും ഗഗന്‍ ഖോഡയ്ക്കും പകരക്കാരായാണ് സുനില്‍ ജോഷിയും ഹര്‍വീന്ദര്‍ സിംഗും സെലക്ഷന്‍ കമ്മിറ്റിയില്‍ എത്തിയത്. സെലക്ഷന്‍ കമ്മിറ്റിയിലെ നിലവിലെ അംഗങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സുനില്‍ ജോഷിയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കാനും ഉപദേശക സമിതി നിര്‍ദേശിച്ചിരുന്നു. 1996-2001 കാലയളവില്‍ ഇന്ത്യക്കായി 15 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും കളിച്ച സുനില്‍ ജോഷി ബംഗ്ലാദേശ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റും അമേരിക്കന്‍ ടീമിന്റെ സ്പിന്‍ പരിശീലകനുമായിരുന്നു.

രണ്ടാമത്തെ സെലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഹര്‍വീന്ദര്‍ സിംഗ് 1998-2001 കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റിലും 16 ഏകദിനങ്ങളിലും കളിച്ചു. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ജോഷിക്കും ഹര്‍വീന്ദര്‍ സിംഗിനും പുറമെ ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ്, ജതിന്‍ പരഞ്ജ്പെ എന്നിവരുമുണ്ട്. ഇവര്‍ മൂന്നുപേരുടെയും കാലാവധി ഈ വര്‍ഷം സെപ്റ്റംബറില്‍ തീരും.

പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. മേഖലാ അടിസ്ഥാനത്തില്‍ സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതി തന്നെയാണ് ഇത്തവണയും ബിസിസിഐ പിന്തുടര്‍ന്നത്. ഇതാണ് അജിത് അഗാര്‍ക്കര്‍ അടക്കമുള്ളവരെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നതിന് തടസമായത്.

click me!