'ടെസ്റ്റ് വേദി, സ‌‌ഞ്ജു അടക്കമുള്ളവര്‍ക്ക് കൂടുതല്‍ അവസരം'; ആവശ്യങ്ങളുയര്‍ത്തി ബിസിസിഐ ജോ. സെക്രട്ടറി ജയേഷ് ജോര്‍ജ്

By Web TeamFirst Published Oct 14, 2019, 6:40 PM IST
Highlights

സഞ്ജു സാംസൺ അടക്കമുള്ള കേരള താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരം കിട്ടാനായി പരിശ്രമിക്കുമെന്നും ജയേഷ് ജോർജ്

മുംബൈ: കേരളത്തെ ടെസ്റ്റ് ക്രിക്കറ്റ് വേദിയാക്കാൻ പരിശ്രമിക്കുമെന്ന് ബിസിസിഐയുടെ പുതിയ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോർജ്. സഞ്ജു സാംസൺ അടക്കമുള്ള കേരള താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരം കിട്ടാനായി പരിശ്രമിക്കുമെന്നും ജയേഷ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'ബിസിസിഐയുടെ ഏതെങ്കിലുമൊരു കമ്മിറ്റിയില്‍ എത്തുമെന്ന ചെറിയ പ്രതീക്ഷ മാത്രമാണ്ടായിരുന്നത്. ജോ. സെക്രട്ടറി പോലൊരു പ്രധാന സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്നില്ല.കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ബിസിസിഐ പോലൊരു വലിയ സംഘടനയുടെ സുപ്രധാന സ്ഥാനത്ത് എത്താന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. ബിസിസിഐ അംഗങ്ങള്‍ക്കും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും നന്ദിയറിക്കുകയാണ്'. 

സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് കൂടുതല്‍ അവസരം

'ഇന്ന് നോമിനേഷന്‍ നല്‍കിയിട്ടേയുള്ളൂ. നാളെ രാവിലെ സൂക്ഷമപരിശോധനയുണ്ട്. പുതിയ ഭരണസമിതി അംഗങ്ങളുടെയും യോഗം പിന്നാലെ നടക്കും. കേരളത്തിലേക്ക് ഒരു ടെസ്റ്റ് മത്സരം കൊണ്ടുവരിക എന്നതിനാണ് പ്രാഥമിക പരിഗണന. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അതിന് സജ്ജമാണ്. കേരളത്തിലേക്ക് കൂടുതല്‍ മത്സരങ്ങള്‍ എത്തിക്കുക ലക്ഷ്യമാണ്. ജൂനിയര്‍ താരങ്ങളുടെ ചുമതലയാണ് ജോ.സെക്രട്ടറിക്കുള്ളത്. സഞ്ജു സാംസണ്‍, ബേസില്‍ തമ്പി അടക്കമുള്ള താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാനായി പരിശ്രമിക്കും. സഞ്ജു അടക്കമുള്ള താരങ്ങളുടെ പ്രകടനം ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ട്. 

സൗരവ് ഗാംഗുലിയെ പോലൊരു പരിചയസമ്പന്നനായ നായകന്‍ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതില്‍ വലിയ അനുഭവമായിരിക്കും. സൗരവ് ഗാംഗുലി പറഞ്ഞപോലെ ബുദ്ധിമുട്ടേറിയ കാലയളവായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം. അതിനെ മറികടന്ന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ജൂനിയര്‍ താരങ്ങളെയും അവരിലൂടെ ഇന്ത്യന്‍ താരങ്ങളെയും സൃഷ്‌ടിക്കാനാകും കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളിലെ പ്രശ്‌നങ്ങള്‍, സ്റ്റേഡിയങ്ങളുടെ നിര്‍മാണം, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാനുണ്ട്. എല്ലാ അസോസിയേഷനുകള്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ട്' എന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

വീണ്ടും പ്രതീക്ഷയില്‍ ഇടക്കൊച്ചി സ്റ്റേഡിയം

'ജയേഷ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് കേരള ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇടക്കൊച്ചി സ്റ്റേഡിയത്തിന്‍റെ നിയമതടസങ്ങള്‍ നീക്കാന്‍ പരിശ്രമിക്കും. ബിസിസിഐയില്‍ ജോ. സെക്രട്ടറിയുള്ളത് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കും. യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ പരിശ്രമിക്കും. സൗരവ് ഗാംഗുലി, ജയ് ഷാ തുടങ്ങിയവരുടെയും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍റെയും പിന്തുണ ലഭിച്ചതുകൊണ്ടാണ് ജയേഷ് ജോര്‍ജ് ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്' എന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പറഞ്ഞു. 

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയും ജോ. സെക്രട്ടറിയായി ജയേഷ് ജോര്‍ജും അടക്കമുള്ളവര്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി. അനുരാഗ് ഠാക്കുറിന്റെ സഹോദരൻ അരുൺ ധുമാൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. എസ് കെ നായർക്കും ടി സി മാത്യുവിനും ശേഷം ബിസിസിഐ ഭാരവാഹിയാവുന്ന ആദ്യ മലയാളിയാണ് ജയേഷ് ജോർജ്. 

click me!