ടി20 ലോകകപ്പിലെ നെതര്‍ലൻഡ്സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് അഭിഷേകിന്റെ ബാറ്റുകളിലായിരിക്കുമെന്ന് തീര്‍ച്ചയാണ്
അവസാന ആറ് കളികളില്‍ നാല് ഡക്ക്. സിംഗിള്‍ എടുത്തിട്ട് മതിയെന്ന് സുനില്‍ ഗവാസ്ക്കര്‍. അല്‍പ്പം ക്ഷമ കാണിക്കണമെന്ന് രവി ശാസ്ത്രി. തന്റെ അസാധാരണമായ ആക്രമണോത്സുക ബാറ്റിങ് കൊണ്ട് ട്വന്റി 20 ക്രിക്കറ്റിന്റിന്റെ അടയാളമായ താരമാണ് അഭിഷേക് ശര്‍മ. ഹൈ റിസ്ക്ക്, ഹൈ റിവാര്‍ഡ് ഗെയിമിന്റെ അപ്പോസ്തലൻ. ലോകകപ്പിലെ രണ്ട് പൂജ്യങ്ങള്‍ക്കൊണ്ട് കീറിമുറിക്കപ്പെടേണ്ടതോ മറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തേണ്ട ഒരു ബാറ്ററോ ആണോ അഭിഷേക്. അല്ല എന്ന് തന്നെയാണ് നല്‍കാനുള്ള ഉത്തരം.
മറ്റ് ഫോര്‍മാറ്റുകള്‍ പോലെയാണോ ട്വന്റി 20യെ സമീപിക്കേണ്ടത്. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നേടുന്ന റണ്‍സാണ് ഫോമും താരങ്ങളുടെ ഭാവിയും ഉള്‍പ്പെടെ എല്ലാത്തിനേയും നിര്‍വചിക്കുന്നത്. പക്ഷേ, ഇവിടെ വ്യത്യസ്തമാണ് കാര്യങ്ങള്‍. ഇവിടെ നേടുന്ന അക്കങ്ങളെക്കാള്‍ മൂല്യം ഫോമിനാണ്. യുഎസ്എയോടും പാക്കിസ്ഥാനോടും സ്കോര്‍ബോര്‍ഡിനെ അലോസരപ്പെടുത്താതെ അഭിഷേക് മടങ്ങിയിട്ടുണ്ടാകാം. എന്നാല്‍, താൻ ഫോം ഔട്ടാണെന്ന് എന്ന് സൂചന അഭിഷേകിന്റെ ശരീരഭാഷയിലൊ പുറത്തെടുത്ത ഷോട്ടുകളോ ഉണ്ടായിരുന്നില്ല.
യുഎസ്എയ്ക്കെതിരെ അലി ഖാന്റെ പന്തില്‍ തന്റെ ട്രേഡ് മാര്‍ക്ക് ലോഫ്റ്റഡ് ബാക്ക് ഫൂട്ട് പഞ്ചായിരുന്നു അഭിഷേകിന്റെ പുറത്താകലിലേക്ക് നയിച്ചത്. പാക്കിസ്ഥാനെതിരെ സല്‍മാൻ അലി അഗയുടെ ആദ്യ രണ്ട് പന്തുകളും പ്രോപ്പറായി ടൈം ചെയ്യാൻ അഭിഷേകിന് കഴിഞ്ഞിരുന്നു. വിക്കറ്റിനെയും എതിര്‍ ഫീല്‍ഡര്‍മാരെയും പരിഗണിക്കാൻ അഭിഷേക് തയാറായില്ല എന്നത് മാത്രമായിരുന്നു വീഴ്ചയ്ക്ക് കാരണമായത്. അത് ഒരുക്കലും അഭിഷേക് പരിഗണിച്ചിട്ടുമില്ലായെന്ന് പിന്നോട്ട് നോക്കിയാല്‍ വ്യക്തമാണ്.
താരത്തിന്റെ പുറത്താകലുകളില്‍ കൃത്യമായ ഒരു പാറ്റേണ്‍ കാണാറില്ല. ബൗളര്‍മാരെ നേരിടുന്നതില്‍ സമ്മര്‍ദം പ്രകടമായിട്ടില്ല ഇതുവരെ. പ്ലേ ആൻഡ് മിസുകളില്ല. സ്ക്രാച്ചിയായൊരു ഇന്നിങ്സ് പോലും സമീപകാലത്തുണ്ടായിട്ടില്ല. അവസാന ആറ് ഇന്നിങ്സുകളില്‍ നാല് ഡക്ക് ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ മറുവശത്ത് മറ്റൊരു വസ്തുതകൂടിയുണ്ട്. അഭിഷേകിന്റെ അവസാന പത്ത് ഇന്നിങ്സുകളില്‍ അഞ്ച് 30 പ്ലസ് സ്കോറുകളുണ്ട്. ഇതില്‍ രണ്ടെണ്ണം അര്‍ദ്ധ സെഞ്ചുറികളാണ്.
ന്യൂസിലൻഡിനെതിരെ ഗുവാഹത്തിയില്‍ 20 പന്തില്‍ 68ഉം, നാഗ്‌പൂരില്‍ 35 പന്തില്‍ 84 റണ്‍സും. സൂര്യകുമാര്‍ യാദവ് പറയുന്നതുപോലെ ഔട്ട് ഫോം അല്ല, ഔട്ട് ഓഫ് റണ്‍സ് മാത്രമാണ് അഭിഷേകിന്റെ കാര്യത്തില്‍ സംഭവിക്കുന്നതും. ട്വന്റി 20യുടെ ദിശ നോക്കിയാല്‍ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളും സുനിശ്ചിതമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച രണ്ട് ട്വന്റി 20 ബാറ്റര്‍മാര്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണല്ലോ. അന്താരാഷ്ട്ര ട്വന്റി 20യിലെ ടോപ് റണ്‍സ് സ്കോറര്‍മാരില്‍ രണ്ടും മൂന്നും സ്ഥാനം വഹിക്കുന്നവര്‍.
ട്വന്റി 20 കരിയറിന്റെ അവസാന നാല് വര്‍ഷങ്ങളില്‍ അള്‍ട്ര അഗ്രസീവ് സമീപനമായിരുന്നു രോഹിത് സ്വീകരിച്ചിരുന്നത്. സ്ട്രൈക്ക് റേറ്റ് 150ന് തൊട്ടരികില്‍. കോഹ്‌ലി തന്റെ സ്വഭാവിക ശൈലിയും തുടര്‍ന്നു. രോഹിതിന്റെ ട്വന്റി 20 കരിയറില്‍ 12 ഡക്കുകളാണുള്ളത്, കോഹ്ലിക്ക് ഏഴും. രോഹിതിന്റെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റും കോഹ്ലിയുടെ ശരാശരിയുമൊന്നും അഭിഷേകില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒന്നല്ല. മറിച്ച് അയാള്‍ ഇതുവരെ സ്വീകരിച്ചുവരുന്ന ശൈലി തുടരുക മാത്രമായിരിക്കും വേണ്ടത്.
അഭിഷേകിന്റെ കരിയര്‍ തന്നെ ഉദാഹരണമായി എടുക്കാം. 39 ഇന്നിങ്സുകളില്‍ നിന്ന് 1297 റണ്‍സ്. ശരാശരി 35 ആണ്. സ്ട്രൈക്ക് റേറ്റ് 193. ഹൈ റിസ്ക്ക്, ഹൈ റിവാര്‍ഡ് മോഡില്‍ കളിക്കുന്ന അഭിഷേകില്‍ നിന്ന് കോഹ്ലിയുടെ കണ്‍സിസ്റ്റൻസിയും രോഹിതിന്റെ അപ്രോച്ചും സമം ചേര്‍ത്ത് ലഭിക്കില്ല. പക്ഷേ, 193 എന്ന സ്ട്രൈക്ക് റേറ്റ്, ഇന്നത്തെ ട്വന്റി 20ക്ക് ഏറ്റവും അനിവാര്യമായ ഫിയര്‍ലെസ് ക്രിക്കറ്റ്. അത് ഉറപ്പാക്കാൻ അഭിഷേകിന്റെ ബാറ്റിന് കഴിയും.
നെതര്‍ലൻഡ്സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് അഭിഷേകിന്റെ ബാറ്റുകളിലായിരിക്കുമെന്ന് തീര്‍ച്ചയാണ്. അഭിഷേക് ശര്‍മ എന്ന ബോക്‌സ് കൂടി ടിക്ക് ചെയ്യാൻ സൂര്യകുമാര്‍ യാദവ് അഹമ്മദാബാദില്‍ ആഗ്രഹിക്കുന്നുണ്ടാകും.
Powered by:



