
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 204 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയലക്ഷ്യം. വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ലിസ്‌ലി ലീ, ഷഫാലി വര്‍മ, ലോറ വോള്‍വാര്‍ഡ്, ഷിനൽ ഹെൻറി എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. 37 പന്തില്‍ 57 റണ്‍സെടുത്ത ജെമീമയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 25 പന്തില്‍ 44 റണ്‍സെടുത്ത ലോറ വോള്‍വാര്‍ഡ് അവസാന പന്തില്‍ റണ്ണൗട്ടായി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ലിസ്‌ലി ലീയും ഷഫാലി വര്‍മയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ 49 റണ്‍സിലെത്തിച്ചു. 13 പന്തില്‍ 20 റണ്‍സെടുത്ത ഷഫാലിയെ പവര്‍ പ്ലേ പൂര്‍ത്തിയാവുന്നതിന് തൊട്ടു മുമ്പ് പുറത്താക്കിയ അരുന്ധതി റെഡ്ഡിയാണ് ആര്‍സിബിക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. എന്നാല്‍ മൂന്നാം നമ്പറിലിറങ്ങിയ ലോറ വോള്‍വാര്‍ഡും ലിസ്‌ലി ലീയും ചേര്‍ന്ന് ഡല്‍ഹിയുടെ പടനയിച്ചു. ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ 7.3 ഓവറില്‍ 72 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.
ലീയെ(30 പന്തില്‍ 37) പുറത്താക്കിയ നദീന്‍ ഡി ക്ലാര്‍ക്കാണ് ആര്‍സിബിക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ജെമീമ റോഡ്രിഗസും ലോറാ വോൾവാര്‍ഡും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ആര്‍സിബിയുടെ പിടി അയഞ്ഞു. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ജെമീമ 37 പന്തില്‍ 57 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ ഡല്‍ഹി പതിനാറാം ഓവറില്‍ 148 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഷിനൽ ഹെൻറി 15 പന്തില്‍ 35 റണ്‍സെടുത്ത് വോള്‍വാര്‍ഡിനൊപ്പം തകര്‍ത്തടിച്ചതോടെ അവസാന നാലോവറില്‍ 50 റണ്‍സിലേറെ നേടി ഡല്‍ഹി 200 കടന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!