
ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ബെന്‍ സ്റ്റോക്സ് ഏകദിന ഫോർമാറ്റിലേക്ക് മടങ്ങിവരികയാണ്. 2022 ജൂലൈയില്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചിരുന്നു ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മാച്ച് വിന്നറായ സ്റ്റോക്സ്. എന്നാല്‍ വരുന്ന ഒക്ടോബർ- നവംബർ മാസങ്ങളില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റോക്സിനെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. എങ്ങനെയാണ് സ്റ്റോക്സ് 50 ഓവർ ഫോർമാറ്റില്‍ മടങ്ങിവന്നത് എന്ന് വിശദീകരിച്ചു വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്‍ലർ.
ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിലെ അന്തിമ തീരുമാനം ബെന്‍ സ്റ്റോക്സിന്‍റേത് തന്നെയാണ് എന്നാണ് ജോസ് ബട്ട്‍ലറുടെ വാക്കുകള്‍. എന്നാല്‍ ഏറെനാള്‍ മുമ്പ് മുതല്‍ മടങ്ങിവരവ് സംബന്ധിച്ച് അദേഹവുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നതായി ബട്ട്‍ലർ സ്ഥിരീകരിച്ചു. ബട്ട്‍ലറുടെ വാക്കുകള്‍ ഇങ്ങനെ... 'മടങ്ങിവരവ് തീരുമാനം സ്റ്റോക്സിന്‍റേതാണ്. ആരെങ്കിലും പറഞ്ഞ് സ്റ്റോക്സിനെ സമ്മതിപ്പിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്കറിയാമെന്ന് പ്രതീക്ഷിക്കുന്നു. ഏറെ നാള്‍ മുമ്പേ ഇക്കാര്യം ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം സ്റ്റോക്സിന് വിട്ടു. അദേഹത്തിന് മടങ്ങിവരണം എന്ന ആഗ്രഹമുണ്ടായിരുന്നു. അത് സ്വാഗതം ചെയ്യുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. തന്‍റേതായ തീരുമാനങ്ങളെടുക്കുന്നയാളാണ് ബെന്‍ സ്റ്റോക്സ്. താരം ഏകദിന ടീമിലേക്ക് മടങ്ങിവരുന്നത് സന്തോഷമാണ്'.
'പറഞ്ഞ് സമ്മതിപ്പിക്കാനാവില്ല'
'ഏറെക്കാലമായി ഞാന്‍ അദേഹത്തിനൊപ്പം കളിക്കുന്നു. സ്റ്റോക്സുമായി നല്ല അടുപ്പമാണുള്ളത്. മകനേ... മടങ്ങിവരൂ, മടങ്ങിവരൂ എന്ന് വാശിപിടിച്ചോണ്ടിരിക്കുന്നത് സ്റ്റോക്സിന്‍റെ കാര്യത്തില്‍ ഫലവത്താകും എന്ന് തോന്നുന്നില്ല. സ്വന്തം തീരുമാനങ്ങള്‍ക്ക് എല്ലാം വിട്ടുനല്‍കുന്നയാളാണ് സ്റ്റോക്സ്. പരസ്പരം മടങ്ങിവരവ് സംബന്ധിച്ച് സംസാരിച്ചിരുന്നുവെങ്കിലും പന്ത് സ്റ്റോക്സിന്‍റെ കോർട്ടിലായിരുന്നു. വളരെ മത്സരാഭിമുഖ്യമുള്ള സ്റ്റോക്സിനെ പോലൊരു താരം ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തുന്നത് ആവേശമാണ്. സ്റ്റോക്സ് ടീമിന് എന്ത് നല്‍കും എന്ന ചോദ്യത്തിനേ പ്രസക്തിയില്ല. അയാളെ പോലെ കഴിവുള്ള താരം തിരിച്ചെത്തുന്നത് അത്ര മഹത്തരമാണ്' എന്നും ബട്ട്‍ലർ കൂട്ടിച്ചേർത്തു.
ജോലിഭാരം ഏറുന്നു എന്ന കാരണം പറഞ്ഞാണ് ബെന്‍ സ്റ്റോക്സ് കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞത്. കാല്‍മുട്ടിലെ പരിക്ക് നാളുകളായി താരത്തെ വലച്ചിരുന്നു. എന്നാല്‍ ലോകകപ്പ് മുന്‍നിർത്തി വിരമിക്കല്‍ പിന്‍വലിച്ച് ഏകദിന ഫോർമാറ്റിലേക്ക് മടങ്ങിവരുകയാണ് ഇംഗ്ലണ്ടിന്‍റെ സ്റ്റാർ ഓൾറൗണ്ടർ. ഏകദിന ലോകകപ്പില്‍ സ്പെഷ്യലിസ്റ്റ് ബാറ്ററുടെ ചുമതലയാവും സ്റ്റോക്സിന് എന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിനായി 105 ഏകദിനങ്ങളില്‍ 2924 റണ്‍സും 74 വിക്കറ്റുമുള്ള സ്റ്റോക്സ് 2019ലെ ലോകകപ്പില്‍ ടീമിന്‍റെ കിരീടധാരണത്തില്‍ നിർണായക പങ്കുവഹിച്ച മാച്ച് വിന്നറാണ്. കഴിഞ്ഞ വർഷം ട്വന്‍റി 20 ലോകകപ്പ് ഇംഗ്ലണ്ട് നേടിയപ്പോഴും സ്റ്റോക്സ് വിജയശില്‍പിയായി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് സ്റ്റോക്സ് അടുത്തതായി കളിക്കുക.
Read more: ലഖ്നൗ സൂപ്പർ ജയന്‍റ്സില്‍ അടിമുടി മാറ്റം, ഗംഭീർ പോകും; പഴയ തട്ടകത്തിലേക്ക് മടക്കം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!