വരും സീസണിന് മുമ്പായി വലിയ മാറ്റങ്ങളാണ് ലഖ്നൗ സൂപ്പർ ജയന്‍റ്സില്‍ വരുന്നത്
ലഖ്നൗ: ഐപിഎല്‍ 2024 സീസണിന് മുമ്പ് ലഖ്നൗ സൂപ്പർ ജയന്‍റ്സില്‍ മറ്റൊരു മാറ്റം കൂടി എന്ന് റിപ്പോർട്ട്. ടീമിന്‍റെ ഉപദേഷ്ടാവും ഇന്ത്യന്‍ മുന്‍ ഓപ്പണറുമായ ഗൗതം ഗംഭീർ ഫ്രാഞ്ചൈസി വിടും എന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗ്രണിന്‍റെ റിപ്പോർട്ട്.
വരും സീസണിന് മുമ്പായി വലിയ മാറ്റങ്ങളാണ് ലഖ്നൗ സൂപ്പർ ജയന്‍റ്സില്‍ വരുന്നത്. മുഖ്യ പരിശീലകന്‍റെ സ്ഥാനത്ത് ഓസീസ് ഇതിഹാസം ജസ്റ്റിന്‍ ലാംഗർ സിംബാബ്‌വെ ഇതിഹാസം ആന്‍ഡി ഫ്ലവറിന് പകരം എത്തിയിരുന്നു. ഫ്രാഞ്ചൈസി ഐപിഎല്ലിലെത്തിയ 2022 മുതല്‍ ഫ്ലവറായിരുന്നു ലഖ്നൗവിന്‍റെ കോച്ച്. ഇതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ ചീഫ് സെലക്ടർ എം എസ് കെ പ്രസാദിനെ സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്‍റായി നിയമിച്ചു. മറ്റൊരു വലിയ മാറ്റം കൂടി ലഖ്നൗവില്‍ വരുന്നു എന്നാണ് സൂചന. 'ആന്‍ഡി ഫ്ലവർ പോയി, അടുത്തതായി പോകുന്നത് ഗംഭീറാണ്' എന്നാണ് ലഖ്നൗ സൂപ്പർ ജയന്‍റ്സ് വൃത്തങ്ങള്‍ ദൈനിക് ജാഗ്രണിനോട് വ്യക്തമാക്കിയത്.
ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മാറാനുള്ള താല്‍പര്യം ഗൗതം ഗംഭീറിനുണ്ട് എന്നാണ് റിപ്പോർട്ട്. ഫ്ലവറും ഗംഭീറും ചേർന്ന് കഴിഞ്ഞ രണ്ട് സീസണുകളിലും ലഖ്നൗവിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു.
ലഖ്നൗ വിട്ട് ഗംഭീർ തന്‍റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സപ്പോർട്ട് സ്റ്റാഫിലേക്ക് ചേക്കാറാന്‍ ചർച്ചകള്‍ നടന്നുവരികയാണ്. 2011ലെ താരലേലത്തില്‍ കൊല്‍ക്കത്തയിലെത്തിയ ഗംഭീർ ടീമിന്‍റെ രണ്ട് കിരീടങ്ങളില്‍ നിർണായകമായ നായകനാണ്. 2012ലും 2014ലുമായിരുന്നു കെകെആർ ഗംഭീറിന്‍റെ ക്യാപ്റ്റന്‍സിയില്‍ കപ്പുയർത്തിയത്. കൊല്‍ക്കത്തയില്‍ കളിച്ച സീസണുകളില്‍ ബാറ്റ് കൊണ്ടും ഇദേഹം തിളങ്ങി. സമീപ വർഷങ്ങളില്‍ മോശം പ്രകടനം കാഴ്ചവെച്ച കെകെആർ മൂന്നാം കിരീടത്തിനായി നീണ്ട കാത്തിരിപ്പിലാണ്. കഴിഞ്ഞ സീസണില്‍ ഏഴാമതായാണ് കെകെആർ സീസണ്‍ അവസാനിപ്പിച്ചത്.
Read more: ബുമ്രയുടെ തിരിച്ചുവരവ് വെള്ളത്തിലാകുമോ എന്ന് ആശങ്ക; ഇന്ത്യ- അയർലന്‍ഡ് ആദ്യ ട്വന്‍റി 20ക്ക് മഴ ഭീഷണി
