
ജയ്പൂര്‍: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോര് കനക്കുന്നു. 10 മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജോഷ് ഹേസല്‍വുഡാണ് ഇപ്പോള്‍ വിക്കറ്റ് വേട്ടിയില്‍ ഒന്നാമത്. 17.28 ശരാശരിയിലാണ് ഹേസല്‍വുഡിന്റെ വിക്കറ്റ് വേട്ട. രണ്ടാം സ്ഥാനത്തുള്ള പ്രസിദ്ധ് കൃഷ്ണയും ഹേസല്‍വുഡും തമ്മില്‍ രണ്ട് വിക്കറ്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 17 വിക്കറ്റാണ് പ്രസിദ്ധ് വീഴ്ത്തിയത്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒരു വിക്കറ്റ് മാത്രമാണ് പ്രസിദ്ധ് വീഴ്ത്തിയത്.
ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നൂര്‍ അഹമ്മദാണ് മൂന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളില്‍ 14 വിക്കറ്റാണ് നൂര്‍ വീഴ്ത്തിയത്. 13 വിക്കറ്റ് വീതം സ്വന്തമാക്കിയ ട്രന്റ് ബോള്‍ട്ട്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ യഥാക്രമം നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. 12 വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, സായ് കിഷോര്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ 13 വരെയുള്ള സ്ഥാനങ്ങളിലുണ്ട്.
അതേസമയം, ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഗുജറാത്തിന്റെ സായ് സുദര്‍ശന്‍ മുന്നിലെത്തി. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 39 റണ്‍സ് നേടിയതോടെയാണ് ഓറഞ്ച് ക്യാപ്പ് വീണ്ടും സായിയുടെ തലയില്‍ വന്നത്. മത്സരത്തിന് മുമ്പ് വിരാട് കോലിയായിരുന്നു ക്യാപ്പിന് ഉടമ. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സായിക്ക് ഇപ്പോള്‍ 456 റണ്‍സായി. 50.67 ശരാശരിയും 150.00 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോലിയേക്കാള്‍ 13 റണ്‍സ് മുന്നിലാണ് ജയ്‌സ്വാള്‍. 10 മത്സരങ്ങളില്‍ നിന്ന് 443 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 63.29 ശരാശരിയുണ്ട് കോലിക്ക്. 138.87 സ്‌ട്രൈക്ക് റേറ്റും.
10 മത്സരങ്ങളില്‍ 61 റണ്‍സ് ശരാശരിയുടേയും 169.44 സ്‌ട്രൈക്ക് റേറ്റിന്റെയും പിന്‍ബലത്തില്‍ 427 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അതേസമയം നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നാലാം സ്ഥാനത്തെത്തി. 10 മത്സരങ്ങളില്‍ 426 റണ്‍സാണ് സമ്പാദ്യം. ഇന്നലെ ഗുജറാത്തിനെതിരെ പുറത്താവാതെ 70 റണ്‍സ് നേടിയതോടെയാണ് ജയ്‌സ്വാള്‍ നാലാമതെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലര്‍ അഞ്ചാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ പുറത്താവാതെ 50 റണ്‍സ് നേടിയിരുന്നു ബട്‌ലര്‍. ഒമ്പത് മത്സരങ്ങളില്‍ 406 റണ്‍സാണ് ബട്‌ലര്‍ നേടിയത്.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പുരാന്‍ ആറാം സ്ഥാനത്തേക്കിറങ്ങി. 10 മത്സരങ്ങളില്‍ 404 റണ്‍സാണ് പുരാന്‍ നേടിയത്. ശുഭ്മാന്‍ ഗില്‍ (389), മിച്ചല്‍ മാര്‍ഷ് (378), കെ എല്‍ രാഹുല്‍ (364), എയ്ഡന്‍ മാര്‍ക്രം (335) എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.