അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ റബാദയ്ക്ക് നേട്ടം; വിക്കറ്റ് വേട്ടയില്‍ ഇതിഹാസ താരത്തെ മറികടന്നു

Web Desk   | PTI
Published : Jun 11, 2025, 09:24 PM IST
WTC Final 2025

Synopsis

ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർമാരുടെ പട്ടികയിൽ അലൻ ഡൊണാൾഡിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി.

ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു കഗിസോ റബാദ. 51 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റബാദ അഞ്ച് പേരെ പുറത്താക്കിയത്. മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റും നേടി. ഇരുവരും തിളങ്ങിയപ്പോള്‍ ഓസീസ് 212ന് കൂടാരം കയറുകയും ചെയ്തു. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് റബാദ. മറ്റൊരു നേട്ടം കൂടി റബാദയെ തേടിയെത്തി.

ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരുടെ പട്ടികയില്‍ ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡിനെ മറികടന്ന് റബാദ നാലാമതെത്തി. ഡെയ്ല്‍ സ്റ്റെയ്ന്‍, ഷോണ്‍ പൊള്ളോക്ക്, മഖായ എന്റിനി എന്നിവര്‍ക്ക് പിന്നിലാണിപ്പോള്‍ റബാദ.

ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

1. ഡെയ്ല്‍ സ്റ്റെയ്ന്‍ - 93 മത്സരങ്ങളില്‍ നിന്ന് 439

2. ഷോണ്‍ പൊള്ളോക്ക് - 108 മത്സരങ്ങളില്‍ നിന്ന് 421

3. മഖായ എന്റിനി - 101 മത്സരങ്ങളില്‍ നിന്ന് 390

4. കഗിസോ റബാദ - 71 മത്സരങ്ങളില്‍ നിന്ന് 332*

5. അലന്‍ ഡൊണാള്‍ഡ് - 72 മത്സരങ്ങളില്‍ നിന്ന് 330

മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 212ന് അവസാനിച്ചിരുന്നു. സ്റ്റീവന്‍ സ്മിത്ത് (66), ബ്യൂ വെബ്സ്റ്റര്‍ (72) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. ഒരു ഘട്ടത്തില്‍ അവര്‍ നാലിന് 67 എന്ന നിലയിലായിരുന്നു ഓസീസ്. ആറാം ഓവറില്‍ ടീമിന് ഇരട്ട പ്രഹരമേറ്റു. റബായുടെ ഓരോവറില്‍ ഉസ്മാന്‍ ഖവാജയും (0), കാമറൂണ്‍ ഗ്രീനും (4) പുറത്തായി. ഇരുവരും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങുന്നത്.

പിന്നീട് മര്‍നസ് ലബുഷെയ്‌നെ (17) മാര്‍കോ ജാന്‍സന്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ട്രാവിസ് ഹെഡും (11) മടങ്ങി. വിക്കറ്റ് കീപ്പര്‍ക്ക് തന്നെ ക്യാച്ച്. പിന്നീട് വെബ്സ്റ്റര്‍ - സ്മിത്ത് സഖ്യം വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 79 റണ്‍സാണ കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. എന്നാല്‍ എയ്ഡന്‍ മാര്‍ക്രമിനെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സ്മിത്ത് പുറത്തായി. സ്ലിപ്പില്‍ മാര്‍കോ ജാന്‍സന് ക്യാച്ച്. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

പിന്നാലെ അവസാന സെഷന്റെ തുടക്കത്തില്‍ ക്യാരിയെ കേശവ് മഹാരാജ് ബൗള്‍ഡാക്കി. ക്യാരി - വെബ്‌സ്റ്റര്‍ കൂട്ടുകെട്ട് 46 റണ്‍സ് ചേര്‍ത്തിരുന്നു. തുടര്‍ന്നെത്തിയ പാറ്റ് കമ്മിന്‍സിനെ (1) റബാദ് ബൗള്‍ഡാക്കി. വൈകാതെ വെബ്സ്റ്ററും മടങ്ങി. റബാദയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. നതാന്‍ ലിയോണിനും (0) തിളങ്ങാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനെ (1) ബൗള്‍ഡാക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുകയു ചെയ്തു. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര