വില്ല്യംസണിന് സെഞ്ചുറി; പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കിവീസ് ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്

By Web TeamFirst Published Jan 4, 2021, 12:55 PM IST
Highlights

അത്ര മികച്ച തുടക്കമൊന്നും ആയിരുന്നില്ല ന്യൂസിലന്‍ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ടോം ബ്ലണ്ടല്‍ (16), ടോം ബ്ലണ്ടല്‍ (33) എന്നിവര്‍ പവലിയനിയില്‍ തിരിച്ചെത്തി.

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്. കെയ്ന്‍ വില്ല്യംസണിന്റെ സെഞ്ചുറി (112*) കരുത്തില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തിട്ടുണ്ട് ആതിഥേയര്‍. ഇതുവരെ 11 റണ്‍സ് മാത്രം പിറകിലാണ് ന്യൂസിലന്‍ഡ്. വില്ല്യംസണിനൊപ്പം ഹെന്റി നിക്കോള്‍സാണ് (89) ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 297ന് പുറത്തായിരുന്നു.

അത്ര മികച്ച തുടക്കമൊന്നും ആയിരുന്നില്ല ന്യൂസിലന്‍ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ടോം ബ്ലണ്ടല്‍ (16), ടോം ബ്ലണ്ടല്‍ (33) എന്നിവര്‍ പവലിയനിയില്‍ തിരിച്ചെത്തി. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ പരിചയസമ്പന്നനായ റോസ് ടെയ്‌ലറും (12) പുറത്തായി.  

പിന്നീട് ഒത്തുച്ചേര്‍ന്ന വില്ല്യംസണ്‍- ഹെന്റി സഖ്യമാണ് ആതിഥേയരെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത്. ഇരുവരും ഇതുവരെ 215 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 16 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഐസിസി ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള വില്ല്യംസണിന്റെ 24ാം ടെസ്റ്റ് സെഞ്ചുറിയാണിത്. തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയും. നിക്കോള്‍സ് ഇതുവരെ എട്ട് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. 

കിവീസ് നിഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ഷഹീന്‍ അഫ്രീദി, മുഹമ്മദ് അബ്ബാസ്, ഫഹീം അഷ്‌റഫ് എന്നിവര്‍ പങ്കിട്ടു. പാകിസ്ഥാന്റെ  ഒന്നാം ഇന്നിങ്‌സില്‍ അസര്‍ അലി (93), മുഹമ്മദ് റിസ്‌വാന്‍ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഫഹീം അഷ്‌റഫ് 48 റണ്‍സെടുത്തു. കിവീസിനായി കെയ്ല്‍ ജാമിസണ്‍ അഞ്ച് വിക്കറ്റെടുത്തു. ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

click me!