ടി20 ലോകകപ്പില്‍ ഇഷാനൊപ്പം ചുവടുവെക്കുമ്പോള്‍ സഞ്ജുവിന്റെ അത്രയും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു കരിയര്‍ ഇന്ത്യൻ ക്രിക്കറ്റിന്റെ ഡ്രസിങ് റൂമിലെ മറ്റാർക്കുമില്ല

ഷിക്കോംഗൊയുടെ പന്ത് ആ ബാറ്റില്‍ നിന്ന് ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്നുപൊങ്ങിയ നിമിഷം. സഞ്ജു സാംസണ്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്ന ചോദ്യമായിരുന്നു മലയാളി ക്രിക്കറ്റ് ആരാധകരുടെ ഉള്ളുനിറയെ. കാര്യവട്ടത്തോടെ അണഞ്ഞ് പോയെന്ന് കരുതിയ ആ തിരിച്ചുവരവിനായി ഇതിലും മികച്ചൊരു അവസരം അയാള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. പത്ത് മിനുറ്റിന്റെ ആയുസ് മാത്രമുണ്ടായിരുന്ന ആ ഇന്നിങ്സിനെ കീറിമുറിക്കാനൊ കുരിശില്‍ തറയ്ക്കാനോ ഒരുങ്ങും മുൻപ് അതിന് മറ്റൊരു വശം കൂടിയില്ലേയെന്ന് ചിന്തിക്കുകയാണ്. 

ഇഷാൻ കിഷനൊപ്പം അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലേക്ക് ചുവടുവെക്കുമ്പോള്‍ സഞ്ജുവിന്റെ അത്രയും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു കരിയര്‍ ഇന്ത്യൻ ക്രിക്കറ്റിന്റെ ഡ്രസിങ് റൂമിലെ മറ്റാർക്കുമില്ല. ടൂർണമെന്റിലുടനീളം ഡഗൗട്ടിലാണെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് നമീബിയക്കെതിരെ Another Explosive Batter എന്ന തലക്കെട്ട് നല്‍കി സൂര്യകുമാർ യാദവിന്റെ പ്രഖ്യാപനം വരുന്നത്. അഭിഷേക് കായിക ക്ഷമത വീണ്ടെടുക്കുന്ന നിമിഷം അവസാനിക്കും, അതുകൊണ്ട് ഒരു അവസരം കൂടി തന്നെ തേടിയെത്താനുള്ള സാധ്യത വിരളമാണെന്ന ബോധ്യവുമുണ്ടായിരുന്നു.

രണ്ട് വഴികളായിരുന്നു സഞ്ജുവിന് മുന്നിലുണ്ടായിരുന്നത്, സേഫായൊരു ഇന്നിങ്സ് കളിച്ച് ടീമിലെ സ്ഥാനം നിലനിർത്താം, അല്ലെങ്കില്‍ ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഫിയർലെസ് സമീപനം സ്വീകരിക്കാം. മോശം ഫോമില്‍ നില്‍ക്കുമ്പോള്‍ ആദ്യ ഓപ്ഷൻ തിരഞ്ഞെടുത്തവരെ കണ്ട് പരിചയിച്ച ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. വിരാട് കോഹ്‌ലിയും ശുഭ്മാൻ ഗില്ലും സൂര്യകുമാറും, തിലക് വർമയുമൊക്കെ ആ പാതയിലുള്ളവരാണ്. പക്ഷേ, നേരിട്ട നാലാം പന്തില്‍ സഞ്ജു പറഞ്ഞുവെച്ചു, തന്റെ കരിയറിന് വളമായ അഗ്രസീവ് ക്രിക്കറ്റ് തുടരുമെന്ന്.

ട്രമ്പല്‍മാന്റെ ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ഫുള്ളർ ലെങ്ത് പന്ത് സൈറ്റ് സ്ക്രീനിനപ്പുറം ചെന്നായിരുന്നു വിശ്രമിച്ചത്. ഫോം ഔട്ട്, ലോകകപ്പിലെ ആദ്യ മത്സരം - സമ്മര്‍ദങ്ങളുടെ കണിക പോലും ശരീരഭാഷയിലൊ ആ ബാറ്റിലൊ ഉണ്ടായിരുന്നില്ല. ഷിക്കോംഗോയുടെ ആദ്യ പന്ത് മിഡില്‍ സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തി. അരയ്ക്കൊപ്പമുയര്‍ന്ന പന്തിലൊരു മനോഹരമായ ഫ്ലിക്ക്, സിക്സ്. ഡഗൗട്ടില്‍ സൂര്യ ഒരു ആരാധകനെപ്പോലെ അത് ആസ്വദിക്കുകയായിരുന്നു. പിന്നാലെ പേസ് വേരിയേഷനുമായി ഷിക്കോംഗൊ എത്തിയപ്പോഴും മറ്റൊന്ന് സംഭവിച്ചില്ല. പുള്‍ ഷോട്ടും, സിക്സും.

തുടരെ മൂന്ന് സിക്‌സുകള്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഗ്യാലറിയിലെത്തിയിരിക്കുന്നു. ലൈനും ലെങ്തും തിരുത്തിയായിരുന്നു അടുത്ത പന്ത് ഷിക്കോംഗോയുടെ കൈകളില്‍ നിന്ന് പാഞ്ഞത്. ക്രീസിലേക്കിറങ്ങിയുള്ള സമീപനം സഞ്ജുവിനെ അവിടെ തുണയ്ക്കുകയായിരുന്നു. എക്‌സ്ട്രാ കവറിന് മുകളിലൂടെ ഒരു ലോഫ്റ്റഡ് ഡ്രൈവ്, ഫോ‍ര്‍. അവസാനം നേരിട്ട നാല് പന്തില്‍ നിന്ന് 22 റണ്‍സ്. ന്യൂസിലൻഡ് പരമ്പരയുടെ ഓര്‍മകള്‍ വേട്ടയാടാതെയൊരു ഇന്നിങ്സ്.

പക്ഷേ, രണ്ടാം ഓവറിലെ അവസാന പന്തില്‍ മനസില്ലാ മനസോടെയൊരു ഫ്ലിക്ക്. സ്റ്റീൻകാമ്പിന്റെ കൈകളില്‍ ആ പന്ത് വിശ്രമിക്കുമ്പോള്‍ അരുണ്‍ ജെയ്‌റ്റ്‌ലി നിശബ്ദമായി. എട്ട് പന്തില്‍ 22 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 275.

കിവികള്‍ക്കെതിരെയുണ്ടായ വീഴ്ചകള്‍ തിരുത്താൻ ഉറച്ചായിരുന്നു സഞ്ജു നമീബിയക്കെതിരെ ബാറ്റ് ചെയ്തത്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനുള്ള മടി അല്ലെങ്കില്‍ ബാക്ക് ഫൂട്ടിലേക്കിറങ്ങുമ്പോള്‍ ലഭിക്കുന്ന മുൻതൂക്കം. ഈ ശൈലി ആദ്യ പന്തില്‍ തന്നെ തിരുത്തി. ട്രമ്പല്‍മാന്റെ ആദ്യ പന്ത് നേരിട്ടത് ഫ്രണ്ട് ഫൂട്ടിലായിരുന്നു. പിന്നീടുള്ള രണ്ട് പന്തുകളിലും അത് ആവ‍ര്‍ത്തിച്ചു. ക്രീസില്‍ നിലയുറിപ്പിച്ചുള്ള സമീപനം തന്നെ സഹായിക്കുന്നുവെന്ന തോന്നലില്‍ നിന്നായിരുന്നു ആദ്യ സിക്‌സ് ഗ്യാലറിയിലെത്തിയത്.

ഷിക്കോംഗൊയുടെ പേസ് വേരിയേഷനെ മറികടക്കാൻ വീണ്ടും ക്രീസിലേക്കിറങ്ങി. അത് വിജയം കണ്ടതായിരിക്കാം തുടരാൻ പ്രേരിപ്പിച്ചതും. ഷോട്ടിലെ ആശയക്കുഴപ്പമായിരുന്നു വിക്കറ്റിലേക്ക് നയിച്ചത്. ശരാശരി മണിക്കൂറില്‍ 130-135 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ക്കെതിരെ ഈ തന്ത്രം ഫലിക്കുന്നുണ്ടെങ്കിലും ക്വാളിറ്റി പേസ് നിരയ്‌ക്കെതിരെ സാധ്യമാകുമോ എന്നാണ് ചോദ്യം. ന്യൂസിലൻഡ് പരമ്പരയില്‍ കണ്ടത് ആ ചോദ്യത്തിന് ഉത്തരമായിരുന്നു. എട്ട് പന്ത് മാത്രം നീണ്ടൊരു ഇന്നിങ്സാണെങ്കിലും സഞ്ജുവിന്റെ സമീപനവും ടച്ചും പ്രതീക്ഷ നല്‍കുന്നതായിരുന്നു.

ബാറ്റ് ചെയ്യാൻ അനായാസം കഴിയുന്ന ഒരു വിക്കറ്റായിരുന്നില്ല അത്. പക്ഷേ, സഞ്ജുവും ഇഷാനും നല്‍കിയ തുടക്കം അത് അങ്ങനയല്ലെന്ന് തോന്നിച്ചു, നമീബിയക്കെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവ് പറഞ്ഞ വാക്കുകളാണിത്. സഞ്ജുവും ഇഷാനും ഒഴികെയുള്ള ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും പൂര്‍ണമായൊരു ഒഴുക്ക് ബാറ്റിങ്ങില്‍ ലഭിച്ചിരുന്നില്ല, വിക്കറ്റ് കുഴപ്പിച്ചെന്ന് തന്നെ പറയാം. ഹാര്‍ദിക്ക് പാണ്ഡ്യ മാത്രമാണ് അല്‍പ്പം ക്ഷമയോടെ വേറിട്ട് നിന്നത്. ഫിനിഷര്‍ റോളിലെത്തിയ റിങ്കു സിങ്ങിന് പോലും സമ്മര്‍ദമില്ലാതെ പോലും ബാറ്റ് ചെയ്യാനായില്ല.

ഇനി പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരമാണ്. അഭിഷേക് ക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ അവസരം നല്‍കാൻ മടിക്കേണ്ടതില്ല എന്ന സന്ദേശം മാനേജ്മെന്റിന് നല്‍കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.