
സൂററ്റ്: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കര്‍ണാടക ഫൈനലില്‍. ഹരിയാനയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കര്‍ണാടക ഫൈനലില്‍ കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടക 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (42 പന്തില്‍ 87) കെ എല്‍ രാഹുല്‍ (31 പന്തില്‍ 66) എന്നിവരുടെ ഇന്നിങ്‌സാണ് കര്‍ണാടകയെ വിജയത്തിലേക്ക് നയിച്ചത്.
രാഹുല്‍- ദേവ്ദത്ത് സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 125 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ജയന്ത് യാദവിന് വിക്കറ്റ് നല്‍കി രാഹുല്‍ ആദ്യം മടങ്ങി. ആറ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. പിന്നാലെയെത്തിയ മായങ്ക് അഗര്‍വാളിനൊപ്പം 57 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ദേവ്ദത്ത് ക്രീസ് വിട്ടത്. നാല് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്. മായങ്ക് അഗര്‍വാള്‍ (14 പന്തില്‍ 30), മനീഷ് പാണ്ഡെ (3) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ ഹിമാന്‍ഷു റാണ (34 പന്തില്‍ 61), ചൈതന്യ ബിഷ്‌നോയ് (55), ഹര്‍ഷല്‍ പട്ടേല്‍ (20 പന്തില്‍ 34), രാഹുല്‍ തെവാട്ടിയ (20 പന്തില്‍ 32) എന്നിവരുടെ ഇന്നിങ്‌സാണ് ഹരിയാനയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കര്‍ണാടകയുടെ അഭിമന്യു മിഥുന്‍ ഒരോവറില്‍ മാത്രം അഞ്ച് വിക്കറ്റ് വീഴ്ത്തി. മൊത്തത്തില്‍ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ശ്രേയാസ് ഗോപാലിന് രണ്ട് വിക്കറ്റുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!