റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് കെയ്ല്‍ മയേഴ്‌സ്; ഐതിഹാസിക വിജയത്തില്‍ വിന്‍ഡീസ് ക്രിക്കറ്റിനും നേട്ടം

By Web TeamFirst Published Feb 8, 2021, 6:46 AM IST
Highlights

 ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെ ജയിപ്പിച്ചത് അരങ്ങേറ്റക്കാരനായിരുന്ന മയേഴ്‌സ് ആയിരുന്നു.
 

ചിറ്റഗോങ്: കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് താരം കെയ്ല്‍ മയേഴ്‌സ്. ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെ ജയിപ്പിച്ചത് അരങ്ങേറ്റക്കാരനായിരുന്ന മയേഴ്‌സ് ആയിരുന്നു. ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ പുറത്താവാതെ 210 റണ്‍സ് നേടിയ മയേഴ്‌സ് മറ്റുചില നേട്ടങ്ങളും സ്വന്തമാക്കി. 

അരങ്ങേറ്റ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായിരിക്കുകയാണ് മയേര്‍സ്. ടിപ് ഫോസ്റ്റര്‍ (ഇംഗ്ലണ്ട്- 287), ജാക്വസ് റുഡോള്‍ഫ് (ദക്ഷിണാഫ്രിക്ക- 222), ലോറന്‍സ് റൗ (ദക്ഷിണാഫ്രിക്ക- 214), മാത്യൂ സില്‍ക്ലയര്‍ (ന്യൂസിലന്‍ഡ്- 214) എന്നിവര്‍ക്ക് പിന്നിലാണ് മയേഴ്‌സ്.

നാലാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളാവാനും മയേഴ്‌സിന് സാധിച്ചു. ജോര്‍ജ് ഹെഡ്‌ലി (ഇംഗ്ലണ്ട്- 223), നഥാന്‍ ആസ്റ്റലെ (ന്യൂസിലന്‍ഡ്- 222), സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ- 221), ബില്‍ എഡ്രിച്ച്് (ഇംഗ്ലണ്ട്- 219), ഗോര്‍ഡന്‍ ഗ്രീനിഡ്ജ് (വെസ്റ്റ് ഇന്‍ഡീസ്- 214) എന്നിവരാണ് മറ്റുതാരങ്ങള്‍.

വിന്‍ഡീസ് ക്രിക്കറ്റ് ടീമിനെ തേടിയും നേട്ടമെത്തി. നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്ന കാര്യത്തില്‍ അഞ്ചാമതായിരിക്കുകയാണ് വിന്‍ഡീസ്്. 2003ല്‍ ഓസ്‌ട്രേലിയക്കെതിരെ വിന്‍ഡീസ് 418 റണ്‍സ് റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ഇതുതന്നെയാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നില്‍ ദക്ഷിണാഫ്രിക്ക ഓസീസിനെതിരെ 414 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ്. 2008-09 പര്യടനത്തിലായിരുന്നു അത്. 

1948ല്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ 404 പിന്തുടര്‍ന്ന് ജയിച്ചിരുന്നു. പട്ടികയില്‍ ഇന്ത്യക്കും ഇടമുണ്ട്. 1975ല്‍ വീന്‍ഡീസിനെതിരെ ഇന്ത്യ 403 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു. തൊട്ടുപിന്നാലാണ് വിന്‍ഡീസ് ബംഗ്ലാദേശിനെതിരെ നേടിയ ചരിത്രജയം.

പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ ഏഷ്യന്‍ റെക്കോഡും വിന്‍ഡീസ് സ്വന്തമാക്കി. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഇത്രയും വലിയ ടോട്ടല്‍ മറ്റൊരു ടീമും പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല. 2017 ശ്രീലങ്ക സിംബാബ്‌വെയ്‌ക്കെതിരെ 388 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. കൊളംബോയിലായിരുന്നു മത്സരം. മൂന്നാം സ്ഥാനത്താണ് ഇന്ത്യ- ഇംഗ്ലണ്ട് ചെന്നൈ ടെസ്റ്റ്. 2008-09ല്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 387 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നു. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 377 റണ്‍സ് വിജയലക്ഷ്യം മറികടന്നിരുന്നു.

ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 11 മുതല്‍ ധാക്കയില്‍ ആരംഭിക്കും.

click me!