സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെസിഎ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Published : Sep 02, 2026, 03:24 PM IST
KCA Cricket

Synopsis

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാനത്ത് 1500 കോടി രൂപയുടെ ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, ക്രിക്കറ്റ് സ്റ്റേഡിയങ്ങളെ വർഷം മുഴുവൻ സജീവമായ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിക, ടൂറിസം മേഖലകളില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കാന്‍ ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സ്വകാര്യ പങ്കാളിത്തത്തോടെ 1500 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ കെസിഎ ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, വിനോദ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ മാസം 11 ന് തിരുവനന്തപുരത്ത് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും. ഇതിനായുള്ള താല്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ https://www.keralacricketassociation.com/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

ക്രിക്കറ്റ് മത്സരം കാണാന്‍ മാത്രമുള്ള ഇടം എന്നതിലുപരി, സ്റ്റേഡിയങ്ങളെ വര്‍ഷം മുഴുവന്‍ സജീവമായ വിനോദ-ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ കാതല്‍. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലബ്ബ് ഹൗസ്, സ്‌പോര്‍ട്‌സ് ലോഞ്ച്, പ്രമുഖ ബ്രാന്‍ഡുകളുടെ റസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ സ്റ്റേഡിയങ്ങളോട് അനുബന്ധിച്ച് നിര്‍മ്മിക്കും. ബിസിനസ് ടൂറിസത്തിനും കോര്‍പ്പറേറ്റ് സമ്മേളനങ്ങള്‍ക്കുമുള്ള അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, സ്‌പോര്‍ട്‌സ് മെര്‍ച്ചന്‍ഡൈസ് ഹബ്ബ്, ഗ്രൗണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സെന്റര്‍, ഫാന്‍ പാര്‍ക്കുകള്‍, ക്രിക്കറ്റ് മ്യൂസിയം എന്നിവയും ഈ വിനോദ സമുച്ചയത്തിന്റെ ഭാഗമാകും.

ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടം തലസ്ഥാനത്താണ് നടപ്പിലാക്കുന്നത്. നിലവില്‍ തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, മംഗലപുരം എന്നിവയ്ക്ക് പുറമെ കൊല്ലം എഴുകോണ്‍, തൊടുപുഴ, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലും കെസിഎയ്ക്ക് സ്വന്തമായി ഭൂമിയുണ്ട്. കൊച്ചിയില്‍ നിര്‍ദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി ഇതിനോടകം സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കൂടാതെ കോഴിക്കോട്, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളില്‍ പുതിയ പദ്ധതികള്‍ക്കായി സ്ഥലമേറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, വിനോദ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കെ.സി.എ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.

കേരളത്തിന്റെ ടൂറിസം കുതിപ്പിന് വലിയ കരുത്തേകുന്ന ഈ പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കം കുറിക്കാനാകുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്‍ അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചുള്ള തുടര്‍പദ്ധതികള്‍ക്കായി വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ മാത്രം സജീവമാകുന്ന ഗ്രൗണ്ടുകള്‍ എന്ന പരമ്പരാഗത കാഴ്ചപ്പാടിനാണ് ഇതോടെ മാറ്റം വരുന്നത്. വര്‍ഷം മുഴുവന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന സ്‌പോര്‍ട്‌സ് ടൂറിസം ഹബ്ബുകളായി കെ.സി.എ സ്റ്റേഡിയങ്ങള്‍ മാറും. ഇന്ത്യയിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ ക്രിക്കറ്റ് ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം.' കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

നിര്‍ണായക അവലോകന യോഗത്തിന് ബിസിസിഐ; അജണ്ടയില്‍ പരിക്കുകളും ഭാവി പദ്ധതികളും
ബാബറിനും സര്‍ഫറാസിനും രൂക്ഷ വിമര്‍ശനം; താരങ്ങളെ തിരിച്ചുവിളിച്ചത് ശരിയെന്ന് ആഖിബ് ജാവേദ്