ബാബറിനും സര്‍ഫറാസിനും രൂക്ഷ വിമര്‍ശനം; താരങ്ങളെ തിരിച്ചുവിളിച്ചത് ശരിയെന്ന് ആഖിബ് ജാവേദ്

Published : Sep 02, 2026, 02:21 PM IST
Babar Azam

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെയും കോച്ച് സർഫറാസ് അഹമ്മദിനെയും ചീഫ് സെലക്ടർ ആഖിബ് ജാവേദ് രൂക്ഷമായി വിമർശിച്ചു. ടീം മാനേജ്മെന്റിന്റെ പരാജയമാണ് ബോർഡിന്റെ ഇടപെടലിനും പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതിനും കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പാകിസ്ഥാന്‍ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ചീഫ് സെലക്ടര്‍ ആഖിബ് ജാവേദ്. പരമ്പരയിലെ അവസാന ടെസ്റ്റിന് മുന്നോടിയായി ഏഴ് പുതിയ കളിക്കാരെ ഇംഗ്ലണ്ടിലേക്ക് അയച്ചതിനെയും, വൈറ്റ് ബോള്‍ കോച്ച് മൈക്ക് ഹെസനെ ടെസ്റ്റ് ടീമിന്റെ ചുമതല ഏല്‍പ്പിച്ചതിനെയും ജാവേദ് ന്യായീകരിച്ചു. ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് ക്രിക്കറ്റിലെ ഈ മാറ്റങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.

കളിക്കളത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദും പരാജയപ്പെട്ടുവെന്ന് ആഖിബ് ജാവേദ് കുറ്റപ്പെടുത്തി. ബോര്‍ഡിന്റെ ഇടപെടലുകള്‍ക്ക് കാരണം മാനേജ്മെന്റിന്റെ ഈ വീഴ്ചയാണെന്നും അദ്ദേഹം തുറന്നടിച്ചു. 'ടീമില്‍ ഒരു പേസ് ഓള്‍റൗണ്ടറും രണ്ടാമതൊരു വിക്കറ്റ് കീപ്പറും ഉബൈദ് ഷാ എന്ന ഫാസ്റ്റ് ബൗളറും ലഭ്യമായിരുന്നിട്ടും ആ തീരുമാനങ്ങള്‍ എടുക്കപ്പെട്ടില്ല. മറ്റ് ബൗളര്‍മാരെല്ലാം ഒരേ വേഗതയില്‍ പന്തെറിയുന്നവരായതിനാല്‍ 140 കി.മീ വേഗത്തില്‍ എറിയുന്ന ഉബൈദിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ക്യാപ്റ്റനോടും കോച്ചിനോടും ആവശ്യപ്പെട്ടിരുന്നു.' ജാവേദ് പറഞ്ഞു.

'നമ്മുടെ ആദ്യ ഏഴ് ബാറ്റര്‍മാരില്‍ ആരും പന്തെറിയുന്നില്ല. നമ്മള്‍ ഒരു ഓള്‍റൗണ്ടറെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. മാനേജ്മെന്റിന് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ബോര്‍ഡിന് ഇടപെടേണ്ടി വരും. നമ്മള്‍ പരമ്പര ഇതിനകം തോറ്റു കഴിഞ്ഞു, നമ്മള്‍ മത്സരിക്കുന്ന പോലുമില്ലാത്തതിനാല്‍ ലോകം നമ്മെ നോക്കി ചിരിക്കുകയാണ്.' ബാബറിനെയും സര്‍ഫറാസിനെയും ലക്ഷ്യമിട്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതില്‍ ബോര്‍ഡ് ഇടപെടാറുണ്ടോ എന്ന ചോദ്യത്തിന്, ആസൂത്രണത്തിന് വിരുദ്ധമായി കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ടീം കോമ്പിനേഷന്‍ ശരിയാക്കാന്‍ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് ജാവേദ് തുറന്നുസമ്മതിച്ചു.

പരമ്പര കൈവിട്ടുപോയ സാഹചര്യത്തില്‍ പുതിയ കളിക്കാരെ പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും ജാവേദ് വ്യക്തമാക്കി. 'പരമ്പര നഷ്ടപ്പെടുകയും ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍, പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഇനിയും പ്രതിഭകളുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ യുവതാരങ്ങളെ അയക്കുന്നതില്‍ കുഴപ്പമില്ല. പ്രധാനപ്പെട്ട പര്യടനങ്ങളില്‍ കൂടുതല്‍ മികവ് പുലര്‍ത്തണമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ തിരികെ വിളിക്കപ്പെട്ട കളിക്കാരെ അറിയിക്കുന്നത്.' അദ്ദേഹം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടില്ല; പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ക്രുനാല്‍ പാണ്ഡ്യ
'ഇമാം ഉള്‍ ഹഖിന്റെ പരിക്കിനെക്കുറിച്ച് അന്വേഷണം നടത്തും': പാകിസ്ഥാന്‍ സെലക്ടര്‍ ആഖിബ് ജാവേദ്