കെസിഎല്ലില്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കാന്‍ തിരുവനന്തപുരത്തിന്‍റെ രാജാക്കന്മാര്‍

Published : Aug 13, 2025, 07:07 PM IST
Trivandrum Royals

Synopsis

കെസിഎല്‍ രണ്ടാം സീസണിൽ ട്രിവാന്‍ഡ്രം റോയല്‍സിനെ കൃഷ്ണ പ്രസാദ് നയിക്കും. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത്ത് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്. ഗോവിന്ദ് ദേവ് പൈയാണ് ഉപനായകന്‍.

തിരുവനന്തപുരം: ആവേശക്രിക്കറ്റിന് 21 ന് തിരിതെളിയുമ്പോള്‍ റോയല്‍ പ്രകടനം കാഴ്ച്ച വെക്കുവാനുള്ള തയാറെടുപ്പിലാണ് ട്രിവാന്‍ഡ്രം റോയല്‍സ്. ആറ് ബാറ്റര്‍മാരും അഞ്ച് ഓള്‍ റൗണ്ടര്‍മാരും അഞ്ച് ബൗളര്‍മാരും അടങ്ങുന്ന ടീമിനെ ഇത്തവണ നയിക്കുന്നത് കൃഷ്ണ പ്രസാദാണ്. ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര വെടിക്കെട്ട് തീര്‍ക്കാന്‍ കഴിവുള്ളവരാണ്.ഗോവിന്ദ് ദേവ് പൈ ആണ് ഉപനായകന്‍. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍.

അബ്ദുള്‍ ബാസിത്തായിരുന്നു കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ നായകന്‍. ഗോവിന്ദ് ദേവ് പൈ, സുബിന്‍ എസ്, വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് ടീമില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ റോയല്‍സിനായി ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ താരമാണ് അബ്ദുള്‍ ബാസിത്ത്.റോയല്‍സിന്റെ വിക്കറ്റ് വേട്ടക്കാരിലും ഒന്നാമന്‍.നിര്‍ണ്ണായക ഘട്ടത്തില്‍ ബോള്‍ കൊണ്ടും ബാറ്റ് കൊണ്ടും കളിയുടെ ഗതി തിരിക്കാന്‍ കഴിവുള്ള താരമാണ് അബ്ദുള്‍ ബാസിത്ത്.

അബ്ദുള്‍ ബാസിതിനൊപ്പം ബേസില്‍ തമ്പി കൂടിയെത്തുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതാവുകയാണ്. കഴിഞ്ഞ സീസണില്‍ അഖില്‍ സ്‌കറിയയും ഷറഫുദ്ദീനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം ബേസില്‍ തമ്പി ആയിരുന്നു. ബേസിലിന്റെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തും ഐപിഎല്ലിലുള്‍പ്പടെ പന്തെറിഞ്ഞ പരിചയവും ടീമിന് മുതല്‍ക്കൂട്ടാവും. മാത്രമല്ല അവസാന ഓവറുകളില്‍ ബാറ്റ് കൊണ്ടും സംഭാവന നല്കാന്‍ ബേസില്‍ തമ്പിക്കാകും.

കഴിഞ്ഞ സീസണിലും ടീമിലുണ്ടായിരുന്ന ഗോവിന്ദ് ദേവ് പൈയും എസ് സുബിനും സമീപ കാലത്ത് മികച്ച ഫോമിലാണ്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 300 റണ്‍സ് സ്വന്തമാക്കിയ ഗോവിന്ദ് ആയിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറര്‍. കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ മികവുള്ള സുബിനും അടുത്തിടെ നടന്ന ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കൃഷ്ണപ്രസാദ്, അഭിജിത് പ്രവീണ്‍, റിയ ബഷീര്‍, തുടങ്ങിയ യുവതാരങ്ങളുടെ വരവും ടീമിന് കരുത്തേറ്റിയിട്ടുണ്ട്.

ബൗളിങ് നിരയില്‍ അബ്ദുള്‍ ബാസിദിനും ബേസില്‍ തമ്പിക്കും പുറമെ ഫാനൂസ് ഫൈസിനെയും വി അജിത്തിനെയും എം നിഖിലിനെയും കൂടി ടീമിലെത്തിക്കാനായതും നേട്ടമായി. ആലപ്പി റിപ്പിള്‍സിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഫാനൂസ്. വി അജിത്ത് ആകട്ടെ എന്‍എസ്‌കെ ട്രോഫിയില്‍ ഏറ്റവും മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ട താരവുമാണ്. എം നിഖില്‍ കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. മുന്‍ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകന്‍.സംവിധായകന്‍ പ്രിയദര്‍ശന്‍,ജോസ് പട്ടാര എന്നിവര്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. 

ട്രിവാന്‍ഡ്രം റോയല്‍സ് ടീം സ്‌ക്വാഡ്: ബാറ്റര്‍- കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍),ഗോവിന്ദ് ദേവ് പൈ( വൈസ് ക്യാപ്റ്റന്‍), റിയാ ബഷീര്‍, സന്‍ജീവ് സതീശന്‍. ഓള്‍ റൗണ്ടര്‍- അബ്ദുള്‍ ബാസിത്, അനന്തകൃഷ്ണന്‍, അഭിജിത്ത് പ്രവീണ്‍, വിനില്‍ ടീ എസ്, നിഖില്‍ എസ്.ഫാസ്റ്റ് ബൗളേഴ്‌സ്- ബേസില്‍ തമ്പി, ഫാനൂസ്, ആസിഫ് സലാം. സ്പിന്നര്‍- അജിത് വി, അനുരാജ് ജെ.എസ്. വിക്കറ്റ് കീപ്പര്‍ കം ബാറ്റര്‍- സുബിന്‍ എസ്, അദ്വൈത് പ്രിന്‍സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഷറഫുദീന്‍ പൊരുതി, എന്നാല്‍ 47 റണ്‍സ് അകലെ കേരളം വീണു; മധ്യ പ്രദേശിന് ജയം
വൈഭവ് മുതല്‍ ആരോണ്‍ വരെ; ഇവര്‍ നയിക്കും ഭാവി ഇന്ത്യയെ, 2025ലെ യുവതാരോദയങ്ങള്‍