കെസിഎല്‍:സച്ചിൻ ബേബിയെ നിലനിര്‍ത്തി കൊല്ലം, അസറുദ്ദീനെയും വിഘ്നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി

Published : Jul 01, 2025, 06:38 PM IST
Vignesh Puthur (Photo: IPL)

Synopsis

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായി ടീമുകൾ താരങ്ങളെ നിലനിർത്തി. ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ് എന്നിവർ നാല് താരങ്ങളെ വീതം നിലനിർത്തിയപ്പോൾ ട്രിവാൻഡ്രം റോയൽസ് മൂന്ന് താരങ്ങളെ നിലനിർത്തി.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ താരലേലം ജൂലൈ അഞ്ചിന്‌ നടക്കാനിരിക്കെ ഓരോ ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സും നാല് താരങ്ങളെ വീതം നിലനിർത്തിയപ്പോൾ ട്രിവാൻഡ്രം റോയൽസ് മൂന്ന് താരങ്ങളെയാണ് നിലനിർത്തിയത്. പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകൾക്കും നിലനിർത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശ്ശൂർ ടൈറ്റൻസ് എന്നീ ടീമുകൾ ഒരു താരത്തെയും നിലനിർത്തിയില്ല.

എ കാറ്റഗറിയിൽപ്പെട്ട സച്ചിൻ ബേബിയെയും എൻ. എം. ഷറഫുദ്ദീനെയും ബി വിഭാഗത്തിൽപ്പെട്ട അഭിഷേക് ജെ നായരെയും സി വിഭാഗത്തിൽപ്പെട്ട ബിജു നാരായണനെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്സ് നിലനിർത്തിയത്. ആദ്യ സീസണിൽ, ടീമിന്‍റെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളാണ് ഇവരെല്ലാം. രണ്ട് സെഞ്ച്വറിയടക്കം 528 റൺസ് നേടിയ സച്ചിൻ ബേബിയായിരുന്നു ആദ്യ സീസണിലെ ടോപ് സ്കോറർ. സച്ചിനെ ഏഴര ലക്ഷം രൂപ നൽകിയാണ് ടീം നിലനിര്‍ത്തിയത്. മറുവശത്ത് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ താരമായിരുന്നു ഷറഫുദ്ദീൻ. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമായ ഷറഫുദ്ദീനെ അഞ്ച് ലക്ഷം രൂപയ്ക്കാണ് നിലനിർത്തിയത്. കഴിഞ്ഞ സീസണിലാകെ 328 റൺസ് നേടിയ അഭിഷേക് ജെ നായർക്കും 17 വിക്കറ്റുകൾ നേടിയ ബിജു നാരായണനും ഒന്നര ലക്ഷം വീതമാണ് ലഭിക്കുക.

എ കാറ്റഗറിയിൽപ്പെട്ട മൊഹമ്മദ് അസറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ, ബി കാറ്റഗറിയിൽപ്പെട്ട അക്ഷയ് ടി കെ എന്നിവരെയാണ് ആലപ്പി റിപ്പിൾസ് നിലനിർത്തിയത്. ടീമിന് വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മൊഹമ്മദ് അസറുദ്ദീൻ. നാല് അർദ്ധ സെഞ്ച്വറികളടക്കം 410 റൺസ് അടിച്ചു കൂട്ടിയ അസറുദ്ദീനെ ഏഴര ലക്ഷം നൽകിയാണ് ടീം നിലനിർത്തിയത്. മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ ശ്രദ്ധേയനായ വിഘ്നേഷ് പുത്തൂരിന് 3.75 ലക്ഷവും, ഓൾ റൌണ്ടർമാരായ അക്ഷയ് ചന്ദ്രന് അഞ്ചു ലക്ഷവും, അക്ഷയ് ടികെയ്ക്കും 1.5 ലക്ഷവുമാണ് ലഭിക്കുക.

എ കാറ്റഗറിയിൽപ്പെട്ട രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ് നിലനിർത്തിയത്. കഴിഞ്ഞ തവണ ഫൈനൽ വരെ മുന്നേറിയ ടീമാണ് ഗ്ലോബ്സ്റ്റേഴ്സ്. കഴിഞ്ഞ സീസണിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനക്കാരനായ സൽമാൻ നിസാറിന് അഞ്ച് ലക്ഷവും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ഏഴര ലക്ഷയം രൂപയുമാണ് ഗ്ലോബ്സ്റ്റേഴ്സ് ചെലവഴിച്ചത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുതയും, ഓൾ റൌണ്ട് മികവുമായി കളം നിറയുകയും ചെയ്ത അഖിൽ സ്കറിയയ്ക്ക് 375000 രൂപയാണ് ലഭിക്കുക. അൻഫലിന് ഒന്നര ലക്ഷത്തിനും നിലനിർത്തി.

ബി കാറ്റഗറിയിൽപ്പെട്ട ഗോവിന്ദ് ദേവ് പൈയെയും സി ഗാറ്റഗറിയിൽപ്പെട്ട എസ് സുബിൻ, വിനിൽ ടി എസ് എന്നിവരെയാണ് ട്രിവാൺഡ്രം റോയൽസ് റീട്ടെയിൻ ചെയ്തത്. മൂവർക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ സീസണിലെ ടീമിൻ്റെ ടോപ് സ്കോററായ ഗോവിന്ദ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാൾ കൂടിയാണ്. മറുവശത്ത് കൂറ്റന്‍ അടികളിലൂടെ ശ്രദ്ധേയനായ താരമാണ് എസ് സുബിൻ.

ആകെ അൻപത് ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാനാവുക. ജൂലയ്‌ 5 നാണ് താരലേലം. ഐ.പിഎല്‍ താര ലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരു ശര്‍മയുടെ നേതൃത്വത്തിലാകും ലേലം നടക്കുക. മൂന്ന് വിഭാഗങ്ങളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് രണ്ടാം സീസൺ. ഫാന്‍കോട്, സ്റ്റാര്‍ സ്പോര്‍ട്സ് 3 എന്നീ പ്ലാറ്റ്ഫോമുകളിലൂടെ മത്സരങ്ങള്‍ തത്സമയം പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?