കേരള ക്രിക്കറ്റ് ലീഗ് ആവേശപ്പോരാട്ടങ്ങള്‍ വരുന്നു, മൂന്നാം സീസൺ തീയതി പ്രഖ്യാപിച്ചു; താരലേലം ജൂലൈയിൽ

Published : Jun 09, 2026, 08:34 PM IST
KCL Season 3

Synopsis

മുൻ സീസണുകളിലെപ്പോലെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, അദാനി ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസ്, കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നീ ആറ് കരുത്തരായ ഫ്രാഞ്ചൈസികളാണ് ഇത്തവണയും കിരീടത്തിനായി കളം നിറയുക.

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎൽ) മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ തിരുവനന്തപുരത്ത് നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ആസ്ഥാനത്ത് നടന്ന ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് ലീഗിന്‍റെ തീയതികളും ജൂലൈ ആദ്യവാരം നടക്കുന്ന താരലേലത്തിന്‍റെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് സീസണുകളുടെയും വൻ വിജയത്തിന് പിന്നാലെ, കൂടുതൽ മികവോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും മൂന്നാം പതിപ്പ് ഒരുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

മുൻ സീസണുകളിലെപ്പോലെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, അദാനി ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസ്, കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നീ ആറ് കരുത്തരായ ഫ്രാഞ്ചൈസികളാണ് ഇത്തവണയും കിരീടത്തിനായി കളം നിറയുക. രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിലൊന്നായി കെസിഎൽ അതിവേഗം മാറിയെന്നും, സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണിതെന്നും കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ വ്യക്തമാക്കി. യുവതാരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും തുടർന്ന് ഇന്ത്യൻ ടീമിലേക്കുമുള്ള വഴിതുറക്കാൻ കെ.സി.എൽ വലിയൊരു പാലമായി മാറുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ.സി.എ ട്രഷറർ അജിത്ത് കുമാർ, ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസർ മച്ചാൻ, ഗവേണിംഗ് കൗൺസിൽ മെമ്പർ നവാസ് പി.ജെ, സി.ഇ.ഓ/സി.എഫ്.ഓ മിനു ചിദംബരം, കെ.സി.എൽ ഡയറക്ടർ രാജേഷ് തമ്പി എന്നിവരും പങ്കെടുത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നവീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, തത്സമയ സംപ്രേഷണം എന്നിവയോടെ മൂന്നാം സീസൺ ചരിത്രവിജയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. രാജ്യത്തെ പ്രാദേശിക ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഒന്നായി കെ.സി.എൽ ഇതിനകം മാറിക്കഴിഞ്ഞു.

രണ്ടാം സീസണിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. കൂടാതെ ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷത്തി നാല്പതിനായിരം പേരും മത്സരം തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിന് കഴിഞ്ഞ വർഷം രണ്ട് കോടി അൻപത്തി നാലായിരം കാഴ്ചക്കാരും, കർണാടകയുടെ മഹാരാജ പ്രീമിയർ ലീഗിന് രണ്ട് കോടി പത്ത് ലക്ഷം കാഴ്ചക്കാരും മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കേരള ക്രിക്കറ്റ് ലീഗിന്‍റെ ഈ വൻ കുതിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും നാണംകെട്ട് ഓസ്ട്രേലിയ, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റൻ തോല്‍വി
6.5 അടി പൊക്കം, 125 കിലോ ഭാരം, ആരാണ് നൈറ്റ്‌ക്ലബിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ വിറപ്പിച്ച ആ 'റഗ്ബി താരം'