
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ബംഗാളിന് മേല്‍ക്കൈ. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റിന് 101 റണ്‍സെന്ന നിലയിലാണ് കേരളം. നേരത്തെ ബംഗാളിന്റെ ആദ്യ ഇന്നിങ്‌സ് 350 റണ്‍സിന് അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ ഷഹബാസ് അഹമ്മദിന്റെ ഇന്നിങ്‌സാണ് ബംഗാള്‍ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്.
ഷഹബാസ് അഹ്മദും സുമന്ത ഗുപ്തയും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗാളിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ആറ് വിക്കറ്റിന് 172 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഇരുവരും ചേര്‍ന്ന് കരുതലോടെയാണ് ഇന്നിങ്‌സ് മുന്നോട്ടു നീക്കിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുമ്പ് സുമന്ത ഗുപ്തയെ (49) പുറത്താക്കി ജലജ് സക്‌സേനയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.
മറുവശത്ത് സെഞ്ച്വറിയോടെ ബാറ്റിങ് തുടര്‍ന്ന ഷഹബാസ് അഹ്മദ്, പ്രദീപ്ത പ്രമാണിക്കുമായി ചേര്‍ന്ന് 59 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 27 റണ്‍സെടുത്ത പ്രദീപ്ത പ്രമാണിക് എന്‍.പി. ബേസിലിന്റെ പന്തില്‍ പുറത്തായതോടെ ബംഗാളിന്റെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 121 റണ്‍സെടുത്ത ഷഹബാസ് അഹ്മദ് ആദിത്യ സര്‍വാടെയുടെയും 17 റണ്‍സെടുത്ത മുഹമ്മദ് ഷമി എം ഡി നിധീഷിന്റെയും പന്തില്‍ പുറത്തായതോടെ 350 റണ്‍സിന് ബംഗാളിന്റെ ഇന്നിങ്‌സ് അവസാനമായി. 203 പന്തുകളില്‍ എട്ട് ഫോറും നാല് സിക്‌സുമടക്കമാണ് ഷഹബാസ് 121 റണ്‍സെടുത്തത്. കേരളത്തിന് വേണ്ടി ആദിത്യ സര്‍വാടെ നാലും എന്‍.പി. ബേസില്‍ മൂന്നും എം.ഡി. നിധീഷ് രണ്ടും ജലജ് സക്‌സേന ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ അഭിഷേക് പി. നായരുടെ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത അഭിഷേക് മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. വൈകാതെ 12 റണ്‍സെടുത്ത അഭിഷേക് നായരും പ്രദീപ്ത പ്രമാണിക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി മടങ്ങി. സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്ന് ചെറിയൊരു ചെറുത്തുനില്‍പ്പിന് തുടക്കമിട്ടെങ്കിലും 23 റണ്‍സെടുത്ത സച്ചിനെ പുറത്താക്കി ബംഗാള്‍ മത്സരത്തില്‍ പിടിമുറുക്കി.
അവസാന ഓവറുകളില്‍ മൂന്ന് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. പതിവ് ശൈലിയില്‍ തകര്‍ത്തടിച്ച വിഷ്ണു വിനോദാണ് ആദ്യം മടങ്ങിയത്. 47 പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 41 റണ്‍സാണ് വിഷ്ണു നേടിയത്. സല്‍മാന്‍ നിസാര്‍ 11 റണ്‍സുമായി മടങ്ങിയപ്പോള്‍ ആദിത്യ സര്‍വാടെ പൂജ്യത്തിന് പുറത്തായി. കളി നിര്‍ത്തുമ്പോള്‍ മുഹമ്മദ് അസറുദ്ദീന്‍ അഞ്ചും ജലജ് സക്‌സേന അക്കൗണ്ട് തുറക്കാതെയും ക്രീസിലുണ്ട്. ബംഗാളിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷഹബാസ് അഹമ്മദ് രണ്ടും പ്രദീപ്ത പ്രമാണിക് ഒരു വിക്കറ്റും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!