
വെല്ലിംഗ്ടണ്‍: യുവാരാജ് സിങ്ങിന്റെ റെക്കോര്‍ഡ് മറികടക്കുക എളുപ്പമല്ലെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് അഭിഷേകിന്റെ പ്രകടനം. തന്റെ ഉപദേശകനും മുന്‍ ഇന്ത്യന്‍ താരവുമായ യുവരാജ് സിങ് സോഷ്യല്‍ മീഡിയയില്‍ നടത്തിയ തമാശരൂപേണയുള്ള വെല്ലുവിളിയോട് പ്രതികരിക്കുകയായിരുന്നു അഭിഷേക്. മത്സരത്തില്‍ 15 പന്തില്‍ അര്‍ദ്ധശതകം തികച്ച അഭിഷേക് 35 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
പ്രകടനത്തിന് പിന്നാലെ... '12 പന്തില്‍ 50 അടിക്കാന്‍ നിനക്ക് ഇപ്പോഴും കഴിയില്ലല്ലേ! പറമ്പില്‍ രണ്ട് ഇടങ്കയ്യന്മാര്‍ കളിക്കുന്നത് പോലെ ഉണ്ടായിരുന്നു' എന്ന് യുവരാജ് എക്‌സില്‍ കുറിച്ചിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി 12 പന്തില്‍ അര്‍ദ്ധശതകം നേടിയ യുവരാജിന്റെ പേരിലാണ് ഇപ്പോഴും ഇന്ത്യക്കാരന്റെ വേഗമേറിയ ടി20 അര്‍ദ്ധശതകം.
എന്നാല്‍ മത്സരശേഷം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയാണ് അഭിഷേക് യുവരാജിന് മറുപടി നല്‍കിയത്. ''അന്ന് യുവരാജ് പതജ് പോലെയുള്ള ബാറ്റിങ് എങ്ങനെ സാധിച്ചെടുത്തു എന്ന് എനിക്കറിയില്ല, പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏതൊരു ബാറ്റര്‍ക്കും കളത്തിലിറങ്ങി അങ്ങനെ ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. 12 പന്തില്‍ 50 റണ്‍സ് അടിക്കുക എന്നത് പെട്ടെന്ന് നടപ്പിലാകുന്ന ഒന്നല്ല, അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.'' അഭിഷേക് പറഞ്ഞു.
ഇത്തരം റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ടല്ല താന്‍ ബാറ്റ് ചെയ്യുന്നതെന്നും, താനും വൈഭവ് സൂര്യവംശിയും ടീമിന് മികച്ച തുടക്കം നല്‍കാനാണ് ശ്രമിച്ചതെന്നും അഭിഷേക് വ്യക്തമാക്കി. 'മത്സരം ജയിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. പരമ്പരയിലുടനീളം ആ ശൈലി തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നില്‍ പരിശീലകരുടെ പങ്കും കഠിനമായ പരിശീലനവുമാണെന്ന് അഭിഷേക് പറഞ്ഞു. ഗ്രൗണ്ടിന്റെ വലിപ്പവും ബൗളര്‍മാരുടെ തന്ത്രങ്ങളും മനസ്സിലാക്കിയാണ് ഷോട്ട് സെലക്ഷന്‍ നടത്തിയതെന്നും താരം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!