
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആവിശ്വസനീയ പ്രകടനം പുറത്തെടുത്തിരുന്നു കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാര്‍. രണ്ട് ഓവറില്‍ 11 സിക്സുകള്‍ പായിച്ചാണ് സല്‍മാന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. 19ാം ഓവറില്‍ ബേസില്‍ തമ്പിക്കെതിരെ അഞ്ച് സിക്സും തൊട്ടടുത്ത ഓവറില്‍ അഭിജിത് പ്രവീണിനെതിരെ ആറ് സിക്സും നേടി. 26 പന്തില്‍ 86 റണ്‍സുമായി സല്‍മാന്‍ പുറത്താവാതെ നിന്നു. 12 സിക്സുകളാണ് ഒന്നാകെ സല്‍മാന്‍ നേടിയത്. ഇപ്പോള്‍ ആ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സല്‍മാന്‍.
നേരത്തെ നിശ്ചയിച്ചിരുന്നുവെന്നാണ് സല്‍മാന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍... ''കെസിഎല്ലില്‍ ഒരു സ്‌പെഷ്യല്‍ പ്രകടനം നടത്താന്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. അത് സാധിച്ചതില്‍ സന്തോഷത്തിലാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ ടീമിനെ ജയത്തിലെത്തിക്കുന്ന ഒരു ഇന്നിങ്‌സാണ് സ്വപ്‌നം.'' സല്‍മാന്‍ വ്യക്തമാക്കി. ഒറ്റക്കളി കൊണ്ട് സിക്‌സര്‍മാന്‍ എന്ന് വാഴ്ത്തുമ്പോഴും സല്‍മാന് പ്രിയം കേരളത്തിനെ രഞ്ജി ഫൈനലില്‍ എത്തിച്ച ആ ഹെല്‍മറ്റ് നിമിഷമാണെന്നും സല്‍മാന്‍ കൂട്ടിചേര്‍ത്തു.
റോയല്‍സിനെതിരെ ആദ്യ പതിമൂന്ന് പന്തില്‍ പതിനേഴ് റണ്‍സായിരുന്നു സല്‍മാന്‍ നേടിയിരുന്നത്. അടുത്ത പന്ത്രണ്ട് പന്തില്‍ 69 റണ്‍സ്. അതില്‍ പതിനൊന്ന് സിക്‌സര്‍. ഇരുപതോവര്‍ ക്രിക്കറ്റ് ഇതുവരെ കാണാത്ത അത്ഭുത ഫിനിഷിങ്. കേരളത്തിന്റെ സ്വന്തം സല്‍മാന്‍ നിസാറിനെ ലോകശ്രദ്ധയിലെത്തിച്ച ഇന്നിംഗ്‌സായിരുന്നു അത്. ക്രീസിലെ നില്‍പ്പ് കണ്ട് താരത്തെ സുരേഷ് റെയ്‌നയുമായി താരതമ്യം ചെയ്തിരുന്നു ക്രിക്കറ്റ് ആരാധകര്‍. സല്‍മാന്റെ പ്രിയതാരവും മറ്റൊരാളല്ല.
ചിലത് കണക്കുകൂട്ടിയിരുന്നു കെസിഎല്ലിനെത്തുമ്പോള്‍ സല്‍മാന്‍. അത് നടപ്പായി. ഐപിഎല്‍ ടീമുകള്‍ വമ്പനടിക്കാരെ നോട്ടമിട്ട് കാര്യവട്ടത്തുണ്ട്. അടുത്ത സീസണില്‍ ഐപിഎല്‍ ടീമില്‍ കയറാന്‍ കഴിയുന്ന പ്രകടനമായിരുന്നു
സല്‍മാന്റേത്. ദുലീപ് ട്രോഫിക്കായി ഇന്ന് ദക്ഷിണമേഖലാ ടീമിനൊപ്പം ചേരും താരം. നിലയുറപ്പിച്ചുളള നീണ്ട ഇന്നിംഗ്‌സുകള്‍ക്കൊപ്പം കൂറ്റനടികള്‍ കൊണ്ടും എന്തിനും പോന്നവനെന്ന് സല്‍മാന്‍ തെളിയിക്കുന്നു.സാങ്കേതികത്തികവ് കൂടിയാകുമ്പോള്‍ ഏത് ടീമും കൊതിക്കുന്ന ബാറ്റര്‍. തലശ്ശേരിക്കാരനില്‍ നിന്ന് വലുത് വരാനിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!