ഹാട്രിക് നേടിയ രാഹുല്‍ ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
വഡോദര: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം പന്തെടുത്ത ഇന്ത്യ എട്ട് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചു. ദക്ഷിണാഫ്രിക്കയുടെ 85 റണ്‍സ് ഇന്ത്യ പതിനൊന്നാം ഓവറില്‍ മറികടന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (6), ഇര്‍ഫാന്‍ പത്താന്‍ (13) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും അബാട്ടി റായുഡു (41), പവന്‍ നേഗി (21) എന്നിവരുടെ ഇന്നിംഗ്‌സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും പുറത്താവാതെ നിന്നു. മത്സരത്തിനിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സും കണ്ടുമുട്ടി.
ഹാട്രിക് നേടിയ രാഹുല്‍ ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഹാഷിം അംല (9), ജാക് കാലിസ് (0), ജാക്വസ് റുഡോള്‍ഫ് (0) എന്നിവരെ അഞ്ചാം ഓവറില്‍ പുറത്താക്കിയാണ് രാഹുല്‍ ശര്‍മയുടെ ഹാട്രിക് നേട്ടം. 38 റണ്‍സെടുത്ത ഹെന്റി ഡേവിഡ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഒന്‍പതുപേര്‍ രണ്ടക്കം കണ്ടില്ല. ഡെയ്ന്‍ വിലാസാണ് (21) രണ്ടക്കം കണ്ട മറ്റൊരു താരം. ഫര്‍ഹാന്‍ ബെഹാര്‍ദീന്‍ (9), വെര്‍നോന്‍ ഫിലാന്‍ഡര്‍ (0), ഗാര്‍നറ്റ് ക്രുഗര്‍ (0), താണ്ടി ഷബലാല (2), മഖായ എന്റിനി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. എഡ്ഡി ലീ (1) പുറത്താവാത നിന്നു. യുവരാജ് സിംഗ് രണ്ടോവറില്‍ 12 റണ്‍സ് വഴങ്ങി മൂന്നും സ്റ്റുവര്‍ട്ട് ബിന്നിയും പവന്‍ നേഗിയും രണ്ട് വിക്കറ്റ് വീതവും നേടി.
മൂന്നില്‍ മൂന്നും ജയിച്ച ഇന്ത്യ ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നമതാണ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുള്ള ശ്രീലങ്കയാണ് രണ്ടാമത്. രണ്ട് മത്സരങ്ങളില്‍ രണ്ട് ജയവുമായി വിന്‍ഡീസ് മൂന്നാം സ്ഥാനത്തുണ്ട്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍.

