തകര്‍പ്പനടികളുമായി ഉത്തപ്പ, സഞ്ജു വീണ്ടും നിരാശപ്പെടുത്തി; യുപിക്കെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

Published : Feb 22, 2021, 02:49 PM IST
തകര്‍പ്പനടികളുമായി ഉത്തപ്പ, സഞ്ജു വീണ്ടും നിരാശപ്പെടുത്തി; യുപിക്കെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

Synopsis

ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 21 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശ് ഉയര്‍ത്തിയ  284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 21 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്. വത്സല്‍ (6), സച്ചിന്‍ ബേബി (10) എന്നിവരാണ് ക്രീസില്‍. വിഷ്ണു വിനോദ് (7), റോബിന്‍ ഉത്തപ്പ (81), സഞ്ജു സാംസണ്‍ (29) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്ന ഭുവനേശ്വര്‍ കുമാര്‍, ശിവം ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ എസ് ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു മത്സരത്തിലെ പ്രധാന ആകര്‍ഷണം.

ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ സെഞ്ചുറി നേടിയ ഉത്തപ്പ തന്നെയാണ് കേരളത്തെ നയിച്ചത്. 55 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ഉത്തപ്പയുടെ ഇന്നിങ്‌സ്. സഞ്ജുവിനെ കൂട്ടുപിടിച്ച് നേടിയ 104 റണ്‍സാണ് കേളത്തിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. എന്നാല്‍ ശിവം ശര്‍മയ്ക്ക് വിക്കറ്റ് നല്‍കി ഉത്തപ്പ മടങ്ങി. ആദ്യ മത്സരത്തില്‍ പെട്ടന്ന് പുറത്തായ സഞ്ജു വളരെയേറെ ശ്രദ്ധിച്ചാണ് കളിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി. 32 പന്തുകള്‍ നേരിട്ട താരം നാല് ഫോറിന്റെ അകമ്പടിയോടെയാണ് 29 റണ്‍സെടുത്തത്. എന്നാ

ഐപിഎല്‍ ലേലപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രീശാന്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ബംഗളൂരുവില്‍ കണ്ടത്. അഭിഷേക് ഗോസ്വാമി (57), അക്ഷ് ദീപ് നാഥ് (68), ഭുവനേശ്വര്‍ കുമാര്‍ (1), മൊഹസിന്‍ ഖാന്‍ (6), ശിവം ശര്‍മ (7) എന്നിവരായിരുന്നു ശ്രീശാന്തിന്റെ ഇരകള്‍. 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് മുന്‍ ഇന്ത്യന്‍ താരം തന്നെ ലേല പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കുള്ള മറുപടി നല്‍കിയത്. ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ താരം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. സച്ചിന്‍ ബേബി രണ്ടും എം ഡി നിതീഷ് ഒരു വിക്കറ്റും നേടി. 

അക്ഷ് ദീപ് നാഥാണ് (60 പന്തില്‍ 68) യുപിയുടെ ടോപ് സ്‌കോറര്‍. പ്രിയം ഗാര്‍ഗ് (57), അഭിഷേക് ഗോസ്വാമി (54) എന്നിവരും മികച്ച സംഭാവന നല്‍കി.  ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അക്ഷ് ദീപിന്റെ ഇന്നിങ്‌സ്. മികച്ച തുടക്കമാണ് ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഉത്തര്‍ പ്രദേശിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക് ഗോസ്വാമി- കരണ്‍ ശര്‍മ സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഇരുവരും അടുത്തടുത്ത പന്തുകളില്‍ മടങ്ങിയെങ്കിലും റിങ്കു സിംഗിനെ (26) കൂട്ടുപിടിച്ച് ഗാര്‍ഗ് കേരളത്തിന് തലവേദന സൃഷ്ടിച്ചു. റിങ്കു മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ അക്ഷ് ദീപ്, ഗാര്‍ഗിനൊപ്പം 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗാര്‍ഗ് മടങ്ങിയതോടെ പിന്നീടാര്‍ക്കും വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിഞ്ഞതുമില്ല.

ആദ്യ മത്സരത്തില്‍ കേരളം ഒഡീഷയെ തോല്‍പ്പിച്ചിരുന്നു. കേരള ടീം: വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, ജലജ് സക്‌സേന, വത്സല്‍, റോജിത്, എം ഡി നിതീഷ്, ബേസില്‍ എന്‍ പി, എസ് ശ്രീശാന്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം