വിനു മങ്കാദ് ട്രോഫി: കേരളത്തിന് തോല്‍വി; മധ്യപ്രദേശിനോട് പരാജയപ്പെട്ടത് 74 റണ്‍സിന്

Published : Oct 09, 2025, 07:11 PM IST
KCA

Synopsis

19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളം മധ്യപ്രദേശിനോട് 74 റണ്‍സിന് പരാജയപ്പെട്ടു. മധ്യപ്രദേശിനായി ക്യാപ്റ്റന്‍ യഷ് വര്‍ധന്‍ സിങ് ചൗഹാന്‍ 74 റണ്‍സ് നേടി.

പുതുചച്ചേരി: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. മധ്യപ്രദേശ് 74 റണ്‍സിനാണ് കേരളത്തെ തോല്പിച്ചത്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 70 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 42.1 ഓവറില്‍ 144 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശിന് ക്യാപ്റ്റന്‍ യഷ് വര്‍ധന്‍ സിങ് ചൌഹാന്റെ ഇന്നിങ്‌സാണ് തുണയായെത്തിയത്. മറ്റ് ബാറ്റര്‍മാരെല്ലാം നിറംമങ്ങിയപ്പോള്‍ യഷ് വര്‍ധന്റെ ഒറ്റയാള്‍ പോരാട്ടമാണ് മധ്യപ്രദേശിന്റെ സ്‌കോര്‍ 144ല്‍ എത്തിച്ചത്.94 പന്തുകളില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 74 റണ്‍സാണ് ചൌഹാന്‍ നേടിയത്. വളരെ ചെറുപ്രായത്തില്‍ തന്നെ കൂറ്റന്‍ ഇന്നിങ്‌സുകളിലൂടെ മധ്യപ്രദേശിന്റെ ജൂനിയര്‍ തലങ്ങളില്‍ ശ്രദ്ധേയനായ യഷ് വര്‍ധന്‍, ഭാവിയുടെ താരമായാണ് വിലയിരുത്തപ്പെടുന്നത്. ആഷ്‌ലിന്റെ പന്തില്‍ സംഗീത് സാഗര്‍ പിടിച്ചാണ് യഷ് വര്‍ധന്‍ പുറത്തായത്. യഷ് വര്‍ധന് പുറമെ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് മധ്യപ്രദേശ് നിരയില്‍ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി ആഷ്‌ലിനും മിഥുനും മൂന്ന് വിക്കറ്റ് വീതവും അമയ് മനോജ് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ആയുഷ് ശുക്ലയുടെ ബൌളിങ്ങാണ് തകര്‍ത്തത്. ആദ്യ നാല് വിക്കറ്റുകളും വീഴ്ത്തി തുടക്കത്തില്‍ തന്നെ ആയുഷ് കേരളത്തിന് കനത്ത പ്രഹരമേല്പിച്ചു. 19 റണ്‍സെടുത്ത സംഗീത് സാഗറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രോഹിത് കെ ആര്‍ 13ഉം മാധവ് കൃഷ്ണ പുറത്താകാതെ 12 റണ്‍സും നേടി. 22.5 ഓവറില്‍ 70 റണ്‍സിന് കേരളത്തിന്റെ ഇന്നിങ്‌സിന് അവസാനമായി. മധ്യപ്രദേശിന് വേണ്ടി ആയുഷ് ശുക്ല ഏഴ് വിക്കറ്റും ഗിര്‍രാജ് ശര്‍മ്മ മൂന്ന് വിക്കറ്റും വീഴ്ത്തി.

PREV
Read more Articles on
click me!

Recommended Stories

രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ
ഒരിക്കല്‍ കൂടി സച്ചിന്‍ വിരാട് കോലിക്ക് പിന്നില്‍; ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന താരമായി കോലി