ഒമാന്‍ പര്യടനത്തില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം; ഒമാന്‍ ചെയര്‍മാന്‍ ഇലവനോട് തോറ്റത് 40 റണ്‍സിന്

Published : Sep 23, 2025, 09:06 PM IST
Kerala Cricket

Synopsis

ഒമാന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ കേരള ക്രിക്കറ്റ് ടീമിന് തോല്‍വി. ഒമാന്‍ ചെയര്‍മാന്‍ ഇലവനോട് 40 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 16.1 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ടായി.

മസ്‌കറ്റ്: ഒമാന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ കേരള ക്രിക്കറ്റ് ടീമിന് തോല്‍വി. 40 റണ്‍സിനാണ് ഒമാന്‍ ചെയര്‍മാന്‍ ഇലവന്‍ കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെയര്‍മാന്‍ ഇലവന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.1 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ടോസ് നേടിയ കേരളം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ചെയര്‍മാന്‍ ഇലവന്റെ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്ങിനെ ക്ലീന്‍ ബൌള്‍ഡാക്കി ക്യാപ്റ്റന്‍ സാലി വിശ്വനാഥ് കേരളത്തിന് മികച്ച തുടക്കം നല്‍കി.

എന്നാല്‍ ഹുസ്‌നൈന്‍ ഉള്‍ വഹാബ് ഒമാന്റെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് നീക്കി. ഒന്‍പതാം ഓവറില്‍ അഖില്‍ സ്ഖറിയയുടെ പന്തില്‍ വിഷ്ണു വിനോദ് പിടിച്ചാണ് ഹുസ്‌നൈന്‍ പുറത്തായത്. 24 പന്തുകളില്‍ 31 റണ്‍സായിരുന്നു ഹുസ്‌നൈന്‍ നേടിത്. മധ്യ ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ കേരള ബൌളര്‍മാര്‍ ഒമാന്റെ സ്‌കോറിങ് ദുഷ്‌കരമാക്കി. അവസാന ഓവറുകളില്‍ 11 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ ഹുസ്‌നൈന്‍ അലി ഷായാണ് ഒമാന്‍ ചെയര്‍മാന്‍ ഇലവന്റെ സ്‌കോര്‍ 143ല്‍ എത്തിച്ചത്. കേരളത്തിന് വേണ്ടി അഖില്‍ സ്‌കറിയ രണ്ടും സാലി വിശ്വനാഥ്, രാഹുല്‍ ചന്ദ്രന്‍, കെ എം ആസിഫ്, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ വിഷ്ണു വിനോദ് 12ഉം കൃഷ്ണപ്രസാദ് പത്തും റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ അഖില്‍ സ്ഖറിയ മൂന്ന് റണ്‍സെടുത്ത് പുറത്തായി. അജ്‌നാസും സാലി വിശ്വനാഥും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്‌കോര്‍ 60ല്‍ നില്‌ക്കെ അജ്‌നാസ് മടങ്ങിയത് തകര്‍ച്ചയുടെ തുടക്കമായി. 14 പന്തുകളില്‍ 20 റണ്‍സായിരുന്നു അജ്‌നാസ് നേടിയത്.

തുടര്‍ന്നെത്തിയ അബ്ദുള്‍ ബാസിത് ഒന്‍പതും സിജോമോന്‍ ജോസഫ് ഒന്നും എ കെ അര്‍ജുന്‍ 17ഉം മുഹമ്മദ് ആഷിഖ് പൂജ്യത്തിനും പുറത്തായി. 24 റണ്‍സെടുത്ത സാലി വിശ്വനാഥാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 17-ാം ഓവറില്‍ 103 റണ്‍സിന് കേരളം ഓള്‍ ഔട്ടായി. ചെയര്‍മാന്‍ ഇലവന് വേണ്ടി സൂഫിയാന്‍ മെഹ്മൂദും സിക്രിയ ഇസ്ലാമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആര്യന്‍ ബിഷ്ട് രണ്ട് വിക്കറ്റ് നേടി.

PREV
Read more Articles on
click me!

Recommended Stories

നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം
തുടങ്ങിയത് 2023ലെ ലോകകപ്പ് ഫൈനലില്‍, 20 മത്സരവും 2 വര്‍ഷവും നീണ്ട കാത്തിരിപ്പ്, ഒടുവില്‍ ഒരു ഏകദിന ടോസ് ജയിച്ച് ഇന്ത്യ