ബാറ്റ്‌സ്മാന്മാര്‍ കൈവിട്ടു; രഞ്ജിയില്‍ ബംഗാളിനെതിരെ കേരളത്തിന് തോല്‍വി

By Web TeamFirst Published Dec 19, 2019, 5:25 PM IST
Highlights

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി. പശ്ചിമ ബംഗാളിനെതിരെ തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്റെ തോല്‍വി. സ്‌കോര്‍: കേരളം 239 & 115, ബംഗാള്‍ 307 & 50/2.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി. പശ്ചിമ ബംഗാളിനെതിരെ തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്റെ തോല്‍വി. സ്‌കോര്‍: കേരളം 239 & 115, ബംഗാള്‍ 307 & 50/2. രണ്ടാം ഇന്നിങ്‌സില്‍ കേരളത്തെ 115ന് പുറത്താക്കിയ ബംഗാളിന് 48 റണ്‍സായിരുന്നു വിജയലക്ഷ്യം. ഒരുദിനം ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗാള്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ദില്ലിക്കെതിരെ കേരളം സമനില വഴങ്ങിയിരുന്നു.

അഭിഷേക് കുമാര്‍ (4), കൗഷിക് ഘോഷ് (19) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ബംഗാളിന് നഷ്ടമായത്. അഭിമന്യൂ ഈശ്വരന്‍ (15), സുദീപ് ചാറ്റര്‍ജി (5) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ അര്‍ണബ് നന്ദി, ഷഹബാസ് നദീം എന്നിവരാണ് കേരളത്തെ തകര്‍ത്തത്. അശോക് ദിന്‍ഡ രണ്ട് വിക്കറ്റ് വീഴ്ത്തി. 33 റണ്‍സ് വീതം നേടിയ വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി. 

ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ 239നെതിരെ 67 റണ്‍സിന്റെ ലീഡാണ് ബംഗാള്‍ നേടിയത്. 110 റണ്‍സ് നേടിയ അഭിഷേകിന്റെ ഇന്നിങ്‌സാണ് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. മനോജ് തിവാരി (51) ഷഹബാസ് (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 25ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

click me!