
രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ (Ranji Trophy) മേഘാലയക്കെതിരായ മത്സരത്തില്‍ കേരളത്തിന് (Kerala Cricket) കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മത്സരത്തല്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒമ്പതിന് 505നെതിരെ മേഘാലയുടെ ഇന്നിംഗ്‌സ് 148ന് അവസാനിച്ചു. പിന്നാലെ ഫോളോഓണ്‍ ചെയ്ത മേഘാലയ 191ന് പുറത്തായി.
നാല് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയാണ് (Basil Thmapi) രണ്ടാം ഇന്നിംഗ്‌സില്‍ മേഘാലയയെ തകര്‍ത്തത്. ഏദന്‍ ആപ്പിള്‍ ടോം, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മനു കൃഷ്ണന് ഒരു വിക്കറ്റുണ്ട്. ഒമ്പത് ഓവര്‍ എറിഞ്ഞ എസ് ശ്രീശാന്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, 57 റണ്‍സ് വഴങ്ങുകയും ചെയ്തു. 75 റണ്‍സ് നേടിയ ഖുറാനയാണ് മേഘാലയുയെ ടോപ് സ്‌കോററര്‍. ദിപു 55 റണ്‍സുമായി പുറത്താവാതെ നിന്നു. ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല.
മേഘാലയയുടെ ഒന്നാം ഇന്നിംഗ്‌സ് 148ന് അവസാനിച്ചിരുന്നു. 93 റണ്‍സെടുത്ത പുനിത് ബിഷ്ടിന് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നത്. ഏദന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. മനു കൃഷ്ണന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ശ്രീശാന്ത് രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും നേടി. ഏദന്‍ മത്സരത്തില്‍ ഒന്നാകെ ആറ് വിക്കറ്റ് സ്വന്തമാക്കി. 17കാരന്റെ അരങ്ങേറ്റ മത്സരമായിരുന്നിത്.
നേരത്തെ, പി രാഹുല്‍ (147), രോഹന്‍ കുന്നുമ്മല്‍ (107), വത്സല്‍ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറിയാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി (56) മികച്ച പ്രകടനം പുറത്തെടുത്തു. ഖുരാന, ആര്യന്‍ എന്നിവര്‍ മേഘാലയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.
പൂജാര സംപൂജ്യന്‍
സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ സീനയിര്‍ താരം ചേതേശ്വര്‍ പൂജാര നിരാശപ്പെടുത്തി. മുംബൈക്കെതിരെ റണ്‍സൊന്നുമെടുക്കാതെയാണ് താരം പുറത്തായത്. മറുവശത്ത് മറ്റൊരു ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ സെഞ്ചുറി നേടിയപ്പോഴാണ് പൂജാര സംപൂജ്യനായി മടങ്ങിയത്. ദേശീയ ടീമില്‍ രണ്ട് പേരും ഫോം കണ്ടെത്തന്‍ വിഷമിക്കുകയാണ്.
നേരത്തെ മുംബൈ ഏഴിന് 544 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രഹാനെയുടെ (129) സെഞ്ചുറിക്ക് പുറമെ സര്‍ഫറാസ് ഖാന്റെ ഇരട്ട സെഞ്ചുറിയും മുംബൈയുടെ സഹായത്തിനെത്തി. പുറത്താവാതെ 275 റണ്‍സാണ് താരം നേടിയത്. മറുപടി ബാറ്റിംഗില്‍ സൗരാഷ്ട്രയുടെ ആദ്യ ഇന്നിംഗ്‌സ് 220ന് അവസാനിച്ചു.
മോഹിത് അവസ്തി, മുലാനി എന്നിവര്‍ നാല് വിക്കറ്റ് വീതം നേടി. പിന്നാലെ ഫോളോഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച സൗരാഷ്ട്ര ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തിട്ടുണ്ട്.
വിഹാരിയും മികച്ച ഫോമില്‍
ഹൈദരാബാദിനായി കളിക്കുന്ന ഹനുമ വിഹാരിയും മികച്ച ഫോമിലാണ്. ചണ്ഡിഗഡിനെതിരെ താരം ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും (59) രണ്ടാം ഇന്നിംഗ്‌സില്‍ (106) സെഞ്ചുറിയും നേടിയ. ആദ്യ ഇന്നിംഗ്‌സില്‍ 347 റണ്‍സിന് ഹൈദരാബാദ് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഛണ്ഡിഗഡ് 216 റണ്‍സ് നേടി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഹൈദരാബാദ് എട്ടിന് 268 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 401 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഛണ്ഡീഗഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിണ്ട് 13 എന്ന നിലയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!