
കൊയമ്പത്തൂര്‍: സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ചപ്പോള്‍ എല്ലാവരും ശ്രദ്ധിച്ച കാര്യം കേരള സ്‌ട്രൈക്കേഴ്‌സില്‍ രാജീവ് പിള്ളയുടെ അഭാവമായിരുന്നു. മുന്‍ സീസണുകളില്‍ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിച്ച രാജീവിനെ ഇത്തവണ മുംബൈ ഹീറോസ് നിരയിലാണ് കണ്ടത്. സ്‌ട്രൈക്കേഴ്‌സിനെതിരെ ആദ്യ മത്സരത്തില്‍ അദ്ദേഹം ആദ്യ പന്തില്‍ റണ്ണൗട്ടാവുകയും ചെയ്തു. സ്‌ട്രൈക്കേഴ്‌സില്‍ കളിക്കാന്‍ കഴിയാതെ പോയതില്‍ നിരാശയുണ്ടെന്ന് കഴിഞ്ഞ ദിവസം രാജീവ് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് തന്നെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് അറിയില്ലെന്നും രാജീവ് പറഞ്ഞിരുന്നു.
ഇപ്പോള്‍ രാജീവിന്റെ വാക്കുകള്‍ക്ക് മറുപടി പറയുകയാണ് സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍. രാജീവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ഉണ്ണി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''രാജീവ് പിള്ളയ്‌ക്കെതിരെ മാനേജ്‌മെന്റ് ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടി ഉണ്ടായോ എന്ന് എനിക്കറിയില്ല, കാരണം ഞാന്‍ ഉള്‍പ്പെട്ട വിഷയമല്ല ഇത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് വിഷമകരമായ കാര്യമാണ്. തീര്‍ച്ചയായും രാജീവ് ഒരു ഗംഭീര ക്രിക്കറ്ററാണ്. നമ്മള്‍ ഒരു പ്ലെയറിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രാജീവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയായ കാര്യമല്ല.'' ഉണ്ണി പറഞ്ഞു.
ക്യാപ്റ്റന്‍ തുടര്‍ന്നു... ''രാജീവ് ക്രിക്കറ്റിനെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം എന്‍ഒസി ചോദിച്ചപ്പോള്‍ മാനേജ്‌മെന്റ് അത് നല്‍കികാണും. മറ്റൊരു ടീമില്‍ കളിക്കുന്ന കാരണത്തില്‍ രാജീവിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നത് ശരിയല്ല. രാജീവ് ഇതിന് മുമ്പും മുംബൈ ഹീറോസിന് വേണ്ടി കളിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റിന് ഏത് ടീമിന് വേണ്ടി കളിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വ്യക്തിയെ മുന്നില്‍ കണ്ടല്ല ഞാന്‍ ടീം മുന്നോട്ട് കൊണ്ടുപോകുന്നത്. ഞങ്ങളാരും രാജീവിന് എതിരെയല്ല കളിച്ചത്, മുംബൈ ഹീറോസിനെതിരെയാണ്. അദ്ദേഹം ഒരു മികച്ച ക്രിക്കറ്ററായത് കൊണ്ടുതന്നെയാണ് പെട്ടന്ന് പുറത്തായപ്പോള്‍ ടീം ആഘോഷിച്ചത്. അദ്ദേഹത്തിനെ അധിക്ഷേപിക്കുന്നര്‍ അത് നിര്‍ത്തണം, രാജീവിനെ വെറുതെ വിടണം.'' ഉണ്ണി വ്യക്തമാക്കി.
ടീമിനെ കുറിച്ചും ഉണ്ണി സംസാരിച്ചു... ''എനിക്ക് ലഭിച്ച സ്‌ക്വാഡില്‍ നിന്ന് ഒരു ടീമിനെ തെരഞ്ഞെടുക്കാന്‍ സാധിച്ചു. ടീം തുടര്‍ച്ചയായി പരിശീലനം നടത്തി. ക്രിക്കറ്റ് പ്രാക്ടീസ് എന്നതിന് അപ്പുറത്ത് മാച്ച് പ്രാക്ടീസാണ് ഞങ്ങള്‍ നടത്തിയത്. അത്തരം മാച്ചുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത്.'' അദ്ദേഹം കൂട്ടിചേര്‍ത്തു. ലീഗില്‍ നാളെ രണ്ടാം മത്സരത്തില്‍ ഇറങ്ങുകയാണ് സ്‌ട്രൈക്കേഴ്‌സ്. കൊയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്‌സാണ് എതിരാളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!