രഞ്ജി ട്രോഫി: മധ്യ പ്രദേശിനെ 200 കടത്തിയില്ല; കേരളത്തിന് ഒന്നാം ഇന്നിംഗ്‌സില്‍ നിര്‍ണായക ലീഡ്

Published : Nov 18, 2025, 11:58 AM IST
MD Nidheesh

Synopsis

രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ 281 റൺസിനെതിരെ മധ്യപ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് 192 റൺസിൽ അവസാനിച്ചു.

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്‍ഡോറില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281നെതിരെ മധ്യ പ്രദേശ് 192ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡി എന്നിവരാണ് മധ്യ പ്രദേശിനെ തകര്‍ത്തത്. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യ പ്രദേശിന്റെ ടോപ് സ്‌കോറര്‍. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 13 എന്ന നിലയിലാണ് കേരളം. അഭിഷേക് നായര്‍ (2), സച്ചിന്‍ ബേബി എന്നിവര്‍ ക്രീസിലുണ്ട്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. മധ്യ പ്രദേശിന് വേണ്ടി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാലും സരണ്‍ഷ് ജെയ്ന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

ആറിന് 155 എന്ന നിലയിലാണ് മധ്യ പ്രദേശ് ഇന്ന് ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 37 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി. ആര്യന്‍ പാണ്ഡെയാണ് (36) ഇന്ന് ആദ്യം മടങ്ങുന്നത്. വ്യക്തിഗത സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രമാണ് പാണ്ഡെയ്ക്ക് കൂട്ടിചേര്‍ക്കാന്‍ സാധിച്ചത്. തുടര്‍ന്നെത്തിയ മുഹമ്മദ് അര്‍ഷദ് ഖാന്‍ (0), കുമാര്‍ കാര്‍ത്തികേയ (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ജെയ്മനും മടങ്ങി. കുല്‍ദീപ് സെന്‍ (0) പുറത്താവാതെ നിന്നു. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ മധ്യ പ്രദേശിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഹര്‍ഷ് ഗാവ്ലി, ഹിമാന്‍ഷു മന്ത്രി, റിഷഭ് ചൗഹാന്‍ എന്നിവര്‍ 21 റണ്‍സ് വീതമാണ് നേടിയത്. യാഷ് ദുബെ (0), ശുഭം ശര്‍മ (10), ഹര്‍പ്രീത് സിംഗ് ഭാട്ടിയ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ ആറിന് 101 എന്ന നിലയിലായിരുന്നു മധ്യ പ്രദേശ്. തുടര്‍ന്ന് പാണ്ഡെ - സരണ്‍ഷ് സഖ്യം 59 റണ്‍സ് ചേര്‍ത്തു.

ഏഴിന് 246 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗിനെത്തിയിരുന്നത്. ആദ്യ ദിവസത്തെ സ്‌കോറിനോട് റണ്‍സൊന്നും ചേര്‍ക്കാനാവാതെ ശ്രീഹരി എസ് നായര്‍ (7) ആദ്യം മടങ്ങി. പിന്നാലെ സെഞ്ചുറിക്കരികെ അപാരാജിതും പുറത്തായി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. നിതീഷ് എം ഡിയാണ് (7) പുറത്തായ മറ്റൊരു താരം. ഏദന്‍ ആപ്പിള്‍ ടോം (9) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ ആറിന് 105 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ അപരാജിതാണ് രക്ഷിച്ചത്. അരങ്ങേറ്റ മത്സരം കളിക്കുന്ന അഭിഷേക് ജെ നായരും രോഹന്‍ കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ ഹര്‍പ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്.

രണ്ടാം വിക്കറ്റില്‍ അഭിഷേകും അങ്കിത് ശര്‍മ്മയും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ എല്‍ബിഡബ്ല്യൂവില്‍ കുടുക്കി സരന്‍ശ് ജെയിന്‍ കൂട്ടുകെട്ടിന് അവസാനമിട്ടു. മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിന് ശേഷമെത്തിയ സച്ചിന്‍ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സരന്‍ശ് ജെയിന്‍ തന്നെയാണ് സച്ചിനെയും പുറത്താക്കിയത്. അഭിഷേകിനെയും മൊഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മുഹമ്മദ് അര്‍ഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47ഉം അസറുദ്ദീന്‍ 14ഉം അഹ്മദ് ഇമ്രാന്‍ അഞ്ചും റണ്‍സായിരുന്നു നേടിയത്.

തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ബാബ അപരാജിത്തും അഭിജിത് പ്രവീണും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തെ കരയകയറ്റിയത്. ഇരുവരും ചേര്‍ന്ന് 122 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കരുതലോടെ ബാറ്റു വീശിയ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 42 ഓവര്‍ നീണ്ടു. 60 റണ്‍സെടുത്ത അഭിജിതിനെ പുറത്താക്കി ജെയിനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടതോടെ ആദ്യദിനം അവസാനിച്ചു. കേരളത്തിന് വേണ്ടി അഭിഷേക് ജെ നായര്‍, അഭിജിത് പ്രവീണ്‍, ശ്രീഹരി എന്നിവര്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കിവീസ് പരീക്ഷ: എല്ലാ കണ്ണുകളും സഞ്ജു സാംസണില്‍; 'ചേട്ടന്‍' അടിച്ചു തകര്‍ക്കുമെന്ന് കണക്കുകള്‍
കരിയർ തുലാസില്‍; ന്യൂസിലൻഡ് പരമ്പരയും ലോകകപ്പും സൂര്യകുമാർ യാദവിന് എത്ര നിർണായകം?