വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍

Published : Dec 31, 2025, 06:33 PM IST
KCA Cricket

Synopsis

16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ഝാര്‍ഖണ്ഡുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു.

ഭുവനേശ്വര്‍: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ഝാര്‍ഖണ്ഡുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ 63 റണ്‍സിന്റെ ലീഡ് നേടിയ ഝാര്‍ഖണ്ഡ് രണ്ടാം ഇന്നിങ്‌സില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി. തുടര്‍ന്ന് 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഏഴ് വിക്കറ്റിന് 165 റണ്‍സെടുത്ത് നില്‌ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ട് വിക്കറ്റിന് 11 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ഝാര്‍ഖണ്ഡ്, കേരളത്തിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍ബോര്‍ഡ്: ഝാര്‍ഖണ്ഡ് 282 & 157, കേരളം 219 & 165/7.

57 റണ്‍സെടുത്ത രുദ്ര മിശ്രയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ തന്മയും മാത്രമാണ് ഝാര്‍ഖണ്ഡ് നിരയില്‍ പൊരുതിയത്. വെറും 157 റണ്‍സിന് ഝാര്‍ഖണ്ഡ് ഓള്‍ ഔട്ടായി. കേരളത്തിന് വേണ്ടി മുഹമ്മദ് റെയ്ഹാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. എസ്.വി. ആദിത്യന്‍, നവനീത് കെ.എസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ഝാര്‍ഖണ്ഡിന്റെ ആദ്യ ഇന്നിങ്‌സിലെ 63 റണ്‍സ് ലീഡ് ഉള്‍പ്പെടെ 221 റണ്‍സായിരുന്നു കേരളത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം സമനിലയ്ക്കപ്പുറം വിജയം തന്നെ ലക്ഷ്യമിട്ടായിരുന്നു തുടക്കമിട്ടത്.

ഓപ്പണര്‍മാരായ ദേവര്‍ഷും അഭിനവ് ആര്‍ നായരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദേവര്‍ഷ് 43ഉം അഭിനവ് 30ഉം റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ അദ്വൈത് വി നായര്‍ 23ഉം ക്യാപ്റ്റന്‍ വിശാല്‍ ജോര്‍ജ് 16ഉം നവനീത് 15ഉം റണ്‍സ് നേടിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. ഒടുവില്‍ കേരളം ഏഴ് വിക്കറ്റിന് 165 റണ്‍സെടുത്ത് നില്‌ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഝാര്‍ഖണ്ഡിന് വേണ്ടി ശിവം കുമാര്‍ മൂന്നും അനു കൃഷ്ണ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം
ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തില്ല