
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരളത്തിന് ജയം. മേഘാലയക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംംഗിനെത്തിയ മേഘാലയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 12.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
28 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. വിഷ്ണു വിനോദ് 27 റണ്‍സോടെ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (4) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. മുഹമ്മദ് അസറുദ്ദീന്‍ (14), രോഹന്‍ കുന്നുമ്മല്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്ദുള്‍ ബാസിത് (13), സിജോമോന്‍ ജോസഫ് (4) എന്നിവര്‍ പുറത്താവാതെ നിന്നു. ചെങ്കാം സംഗ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ വൈശാഖ് ചന്ദ്രന്‍, എസ് മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മേഘാലയ ചെറിയ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. മനു കൃഷ്ണന്‍, ബേസില്‍ തമ്പി, കെ എം ആസിഫ്, സിജോമോന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 20 റണ്‍സ് നേടിയ ലാറി സംഗ്മയാണ് മേഘാലയയുടെ ടോപ് സ്‌കോറര്‍. കിഷന്‍ ലിംങ്‌ദോ (19), പുനിത് ബിഷ്ട് (18), രാജ് ബിഷ്വ (15) എന്നിവരും രണ്ടക്കം കണ്ടു.
കിവീസിനോടേറ്റ തോല്‍വി, ഓസീസിന് നാണക്കേടിന്റെ റെക്കോര്‍ഡ്; നേട്ടങ്ങള്‍ സ്വന്തമാക്കി വില്യംസണും സംഘവും
ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഏഴ് മത്സരങ്ങളില്‍ 20 പോയിന്റാണ് കേരളത്തിന്. ഇത്രയും മത്സരങ്ങളില്‍ 24 പോയിന്റുള്ള കര്‍ണാടകയാണ് ഒന്നാമത്. മറ്റു ഗ്രൂപ്പിലുളള മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമെ അടുത്ത റൗണ്ടിനെ കുറിച്ചുള്ള ശരിയായ ചിത്രം ലഭിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളം അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധ്യതയേറെയാണ്.
ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ കേരളം തോറ്റിരുന്നു. മഹാരാഷ്ട്ര, സര്‍വീസസ് എന്നിവരാണ് കേരളത്തെ തോല്‍പ്പിച്ചത്. കര്‍ണാടക, ഹരിയായ തുടങ്ങിയ ശക്തരെ മറികടക്കാന്‍ കേരളത്തിനായിരുന്നു.